Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോന്നിയില്‍ കെപിസിസി സെക്രട്ടറി ഷൈലാജ് യു‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

കോന്നിയില്‍ കെപിസിസി സെക്രട്ടറി ഷൈലാജ് യു‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

ജോര്‍ജി സാം

, ശനി, 20 ഫെബ്രുവരി 2021 (21:47 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ കെ പി സി സി സെക്രട്ടറി അഡ്വ.എന്‍ ഷൈലാജ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. ജില്ലയിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കോന്നിയില്‍ ഷൈലാജ് സ്ഥാനാര്‍ത്ഥിയാകണമെന്നാണ് അഭിപ്രായം. ക്ലീന്‍ ഇമേജും കോന്നിയെ അടുത്തറിയാമെന്നതും കോന്നിയിലുള്ള ബന്ധങ്ങളും ഷൈലാജിന് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നു.
 
മാത്രമല്ല, എസ് എന്‍ ഡി പി സമുദായത്തില്‍ നിന്നുള്ള ആളാണ് ഷൈലാജ് എന്നതും സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ജില്ലയില്‍ എസ് എന്‍ ഡി പി വിഭാഗത്തില്‍ നിന്നുള്ള യു ഡി എഫ് സ്ഥാനാര്‍ത്ഥി മത്‌സരിക്കാന്‍ സാധ്യതയുള്ള ഏക നിയമസഭാ മണ്ഡലം ആണ് കോന്നി. അതുകൊണ്ടുതന്നെ ഷൈലാജ് മത്‌സരിക്കുന്നത് സമീപത്തെ മറ്റ് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
webdunia
എന്നാല്‍, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്ററിനെ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയസാധ്യതയുണ്ടെന്ന് ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ജില്ലയിലെ പാര്‍ട്ടിക്കുള്ളില്‍ വലിയ അസ്വാരസ്യങ്ങള്‍ക്ക് കാരണമായി. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ എം എസ് പ്രകാശും സാമുവല്‍ കിഴക്കുപുറവും പരസ്യമായിത്തന്നെ അടൂര്‍ പ്രകാശിനെതിരെ രംഗത്തുവന്നു. 
 
സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രഖ്യാപനവും നടത്തേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും ആറ്റിങ്ങല്‍ എം പിയെ അതിന് ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവര്‍ തുറന്നടിച്ചു. കോന്നിയില്‍ ഒരു പാര്‍ലമെന്‍റംഗം സ്ഥാനാര്‍ത്ഥിയെപ്പറ്റി അഭിപ്രായം പറയണം എന്നുണ്ടെങ്കില്‍ അതിന് ജില്ലയുടെ എം‌പിയായ ആന്‍റോ ആന്‍റണി ഉണ്ടെന്നും ഡി സി സി നേതാക്കള്‍ പറഞ്ഞു.
 
webdunia
ഗുരുതരമായ ആരോപണങ്ങളും അടൂര്‍ പ്രകാശിനെതിരെ ഉയര്‍ന്നിരിക്കുകയാണ്. കോന്നിയിലെ ഉപതെരഞ്ഞെടുപ്പില്‍ പി മോഹന്‍‌രാജിന്‍റെ പരാജയത്തിന് കാരണം അടൂര്‍ പ്രകാശാണെന്ന ആരോപണമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. മോഹന്‍‌രാജ് എന്‍ എസ് എസ് പ്രതിനിധിയാണെന്ന രീതിയില്‍ നടത്തിയ പ്രചരണമാണ് മോഹന്‍‌രാജിന്‍റെ തോല്‍‌വിക്ക് കാരണമെന്നും അതിനുപിന്നില്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററുമാണെന്നും സാമുവല്‍ കിഴക്കുപുറവും എം എസ് പ്രകാശും ആരോപിക്കുന്നു. 
 
പ്രമാടം പഞ്ചായത്തില്‍ പോലും തിളങ്ങാന്‍ കഴിയാത്ത റോബിന്‍ പീറ്ററിന് കോന്നി പോലെ രാഷ്‌ട്രീയമായി ഏറെ പ്രാധാന്യമുള്ള ഒരു മണ്ഡലത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. അവിടെയാണ് ഷൈലാജിനെ പോലെ സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നേതാവിന്‍റെ സാധ്യതകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
 
webdunia
വ്യക്‍തിപരമായിത്തന്നെ ഇരുപതിനായിരത്തിലധികം ഉറച്ച വോട്ടുകള്‍ കോന്നിയില്‍ ഷൈലാജിനുണ്ട് എന്നതാണ് അദ്ദേഹം സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. മാത്രമല്ല, എം എല്‍ എ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്‌ച വച്ചുകൊണ്ടിരിക്കുന്ന കെ യു ജെനീഷ് കുമാറിനെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് മണ്ഡലം കളയാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. ഷൈലാജ് സ്ഥാനാര്‍ത്ഥിയായാല്‍ കോന്നിയില്‍ മിന്നുന്ന പ്രകടനം കാഴ്‌ചവയ്‌ക്കാനാവും എന്നാണ് നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ വിശ്വസിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൃത്യസമയത്ത് വാഹനം നന്നാക്കി നല്‍കിയില്ല: 2.12 ലക്ഷം നഷ്ടപരിഹാരത്തിന് വിധി