ഇടുക്കി ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. വിളക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപമുള്ള രാജൻ്റെ വീടാണ് തകർത്തത്. ആക്രമണം നടത്തിയ കാട്ടാനക്കൂട്ടത്തിൽ ചക്കകൊമ്പനും ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം.
ആക്രമകാരിയായ അരിക്കൊമ്പനെ കഴിഞ്ഞ ദിവസമാണ് കുങ്കിയാനകളുടെയും വനം വകുപ്പിൻ്റെയും സഹായത്തോടെ പ്രദേശത്ത് നിന്ന് മാറ്റിയത്. എന്നാൽ ഇതിന് ശേഷം ഒരു കൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്തെത്തി ശബ്ദമുണ്ടാക്കുകയും ചെയ്തതായി നാട്ടുക്കാർ പറയുന്നു. ഈ കാട്ടാനക്കൂട്ടമാണ് രാജൻ്റെ വീട് തകർത്തത്. അരിക്കൊമ്പനെ മാറ്റിയ സാഹചര്യത്തിലാണ് മറ്റാനകളും അക്രമണകാരികളായതെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം വന്യജീവി ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അരിക്കൊമ്പനെ പിടിച്ചത് കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും മറ്റ് വഴികൾ ഇല്ലാത്തത് കൊണ്ടാണ് കൊമ്പനെ പിടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.