കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പതിമൂന്നാം ബ്ലോക്കിലെ വെള്ളിയുടെയും ലീലയുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ആറളം ഫാമില്‍ കാട്ടാന ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇവരുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചത്. ആംബുലന്‍സ് നാട്ടുകാര്‍ തടയുകയായിരുന്നു.
സബ് കളക്ടര്‍ സ്ഥലത്ത് എത്തിയിട്ടും കൊണ്ടുപോകാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. അതേസമയം ആറളം പഞ്ചായത്തില്‍ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ആറളം ഫാമില്‍ 20 ഓളം പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. വനാതിര്‍ത്തിയില്‍ ആന മതില്‍ നിര്‍മ്മാണം രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നൂറുകണക്കിന് കുടുംബങ്ങള്‍ ഇവിടം ഉപേക്ഷിച്ച് പോയിട്ടുണ്ട്.