റാപ്പര്‍ വേടനെതിരെ ഗവേഷക വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ യുവതി നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് 2 യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി വേടനെതിരെ പരാതി നല്‍കിയത്.
അതിലെ ഒന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമാണ്. ഈ പരാതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗം, ലൈംഗിക ചേഷ്ടകള്‍ കാണിക്കുക എന്നീ വകുപ്പുകളാണ് പോലീസ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയില്‍ ഒരാവശ്യത്തിനായി എത്തിയപ്പോള്‍ വേടന്‍ ഫ്‌ളാറ്റിലേക്ക് വിളിച്ചതായും അവിടെ നിന്ന് അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നുമാണ് പരാതിയില്‍ പറയുന്നത്. 2020ലാണ് കേസിനാസ്പദമായ സംഭവം.
21നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് വേടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ പരാതിക്കാരി കേരളത്തിന് പുറത്താണ്. അവര്‍ കൊച്ചിയില്‍ എത്തുന്നതും മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ക്ക് പോലീസ് കടക്കും.