Select Your Language

Notifications

webdunia
webdunia
webdunia
webdunia

എരുമേലി വിമാനത്താവളം: പൊട്ടിത്തെറിച്ച് പിസി ജോര്‍ജ് - പൂഞ്ഞാർ എംഎൽഎയോട് അധികം കളി വേണ്ട

എരുമേലി വിമാനത്താവളം പദ്ധതി അട്ടിമറിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് പിസി ജോർജ്

Erumeli airport project
കോട്ടയം , വ്യാഴം, 17 നവം‌ബര്‍ 2016 (18:23 IST)
ശബരിമല തീർഥാടകരുടെ സൗകര്യം മുന്നിൽ കണ്ട് പ്രഖ്യാപിച്ച എരുമേലി വിമാനത്താവളം പദ്ധതി അട്ടിമറിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. തന്റെ ഫേസ്‌ബുക്ക് പേജിലാണ് ജോർജ് ഇത്തരക്കാർക്കെതിരേ ആഞ്ഞടിച്ചത്.

പിസി ജോർജിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ഒരു നാടുമുഴുവൻ വികസനത്തിനായി കാതോർത്തിരിക്കുമ്പോൾ അതിനെ തുരങ്കം വെക്കാൻ ആര് ശ്രമിച്ചാലും ജന പിന്തുണയോടെ അതിനെ നേരിടും.

ശബരിമല എയർപോർട്ട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടാൻ കേന്ദ്ര സർക്കാർ സഹായം വാഗ്‌ദാനം ചെയ്തതായി കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മറ്റും പദ്ധതി നടത്തിപ്പിനായി ഏറ്റെടുക്കാൻ ഉദ്ദശിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് എതിരഭിപ്രായം ബോധപൂർവ്വം സൃഷ്ടിച്ചെടുക്കാൻ ശ്രമം നടക്കുന്നത് കാണാൻ ഇടയായി.

വനമേഖലകളോ മലനിരകളോ നശിപ്പിക്കാതെ പരിസ്ഥിതിയെയും പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ ഈ വികസനം നടപ്പിലാക്കാൻ സാധിക്കുമെന്നിരിക്കെ, കെപി യോഹന്നാൻ തിരുമേനിയുടെ ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തിന്റെ പേര് പറഞ്ഞാണ് ഈ പദ്ധതിക്ക് തുരങ്കംവെക്കാൻ ശ്രമം നടക്കുന്നത്.

ഒരു ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ഉള്ള നമ്മുടെ നാട്ടിൽ ഉടമസ്ഥാവകാശത്തെ പറ്റിയുള്ള തർക്കമാണ് വിഷയമെങ്കിൽ അത് കോടതി തീരുമാനിക്കട്ടെ പദ്ധതി നടത്തിപ്പിനെ ഈ പേര് പറഞ്ഞു കുപ്രചരണം നടത്തി ഇല്ലാതാക്കാൻ ശ്രമം നടത്തരുതെന്ന വിനീതമായ അപേക്ഷയാണ് എനിക്കുള്ളത്.

ഈ കുപ്രചാരണങ്ങൾക്ക് പിന്നിൽ പരിസ്ഥിതിയെയും, വിശ്വാസങ്ങളെയും തകർത്തു ആറന്മുള എയർപോർട്ട് നടപ്പിലാക്കി കൊടുക്കാമെന്ന് പറഞ് അച്ചാരം വാങ്ങിയവർ ആരെങ്കിലുമായിരിക്കാം. ഇത്തരക്കാർക്കുള്ള മറുപടിയായി ആറന്മുള എയർപോർട്ടെന്നത് അടഞ്ഞ അദ്ധ്യായമാണെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞുകഴിഞ്ഞു.

ഒന്നുകൂടെ വ്യക്തമായി പറഞ്ഞുകൊള്ളട്ടെ ഉടമസ്ഥാവകാശത്തിന്റെ പേരിലുള്ള തർക്കമാണ് പ്രശ്നമെങ്കിൽ ഈ തർക്കം നടക്കുന്നത് സർക്കാരുമായാണ് സർക്കാരും ബിലീവേഴ്‌സ് ചർച്ചും സ്ഥലം നൽകാൻ തയ്യാറാണെന്ന് പറയുമ്പോൾ ഈ പദ്ധതി നടത്തിപ്പിനെതിരെ അനാവശ്യ തർക്കം സൃഷ്ട്ടിക്കുന്നവരുടെ ഗൂഢലക്ഷ്യം നാം ഓരോരുത്തരും തിരിച്ചറിയുക. പദ്ധതി നടപ്പാകുന്നതിന് രണ്ട് കൂട്ടരും അനുകൂല നിലപാടെടുക്കുമ്പോൾ നാടിന്റെ ഈ സ്വപ്നസാക്ഷാത്കാരത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകളും, പ്രതിപക്ഷവും ഒരേ പോലെ മുന്നിട്ടിറങ്ങുമ്പോൾ തടസ്സം നിൽക്കാൻ വരുന്ന സ്ഥാപിത താത്പര്യക്കാരെ തിരിച്ചറിഞ്ഞു നേരിടുക.

ഈ ആവശ്യവുമായി റാന്നി എം.എൽ.എ. രാജു എബ്രഹത്തിനൊപ്പം മുഖ്യമന്ത്രിയെ കണ്ടപ്പോൾ അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി ഇത്രയും പെട്ടന്ന് തന്നെ കേന്ദ്ര സർക്കാരിൽനിന്ന് അനുകൂല നിലപാട് നേടാൻ തക്കവണ്ണം പദ്ധതിയുമായി മുന്നോട്ട് പോയെന്നത് അദ്ധേഹത്തിന്റെ വികസന മുന്നേറ്റത്തോടുള്ള കാഴ്ചപ്പാടാണ് കാണിക്കുന്നത്. ഈ പദ്ധതി നടത്തിപ്പിനായി പണം സ്വരൂപിച്ചുനൽകാമെന്ന പ്രവാസികളുടെ വാഗ്ദാനവും ഈ കഴിഞ്ഞ 2 ആം തിയതി മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യ എന്ന മഹാരാജ്യത്തിലെ കോടികണക്കിന് വരുന്ന ഭക്തജനങ്ങൾക്കും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ലക്ഷകണക്കിന് വരുന്ന പ്രവാസികൾക്കും, അതോടൊപ്പം പദ്ധതി പ്രദേശത് നിന്നും 80 കിലോമീറ്റർ ചുറ്റളവിനുള്ളിലുള്ള വാഗമൺ, പീരുമേട്, തേക്കടി തുടങ്ങിയ 100 ലേറെ ടൂറിസം ഡെസ്റ്റിനേഷനുകളിലേക്ക് ലക്ഷകണക്കിന് വിദേശികളെയും, സ്വദേശികളായ വിനോദ സഞ്ചാരികളെയു ആകർഷിക്കാൻ കഴുയുന്നതുമായ ബ്രഹത് പദ്ധതി നടപ്പിലാക്കാൻ തയ്യാറാകുമ്പോൾ കഴമ്പില്ലാത്ത തടസ്സ വാദങ്ങൾ ഉന്നയിക്കുന്ന വികസന വിരോധികളെ തകർത്തു പദ്ധതി നടപ്പിലാക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

പിസി ജോർജ്
(എം.എൽ.എ, പൂഞ്ഞാർ)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധനത്തില്‍ രാജ്യത്ത് ഇതുവരെ 47 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്