ഈ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; സംസ്ഥാനത്ത് താപാഘാത സാധ്യത
സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും താപാഘാത സാധ്യതയുള്ള 45 മുതല്‍ 50 വരെ എന്ന സൂചികയിലുമാണ്
സംസ്ഥാനത്ത് കനത്ത ചൂട് തുടരും. വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് അതിതീവ്രമായ ചൂട് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ (സാധാരണയെക്കാള്‍ നാല് ഡിഗ്രി വരെ കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയേക്കാള്‍ 3 ഡിഗ്രി വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മനുഷ്യശരീരത്തില്‍ അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത വിലയിരുത്തുന്ന താപസൂചിക (ഹീറ്റ് ഇന്‍ഡക്‌സ്) ഏഴ് ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട 58 എന്ന നിലവാരത്തില്‍ എത്തിയതായാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും താപാഘാത സാധ്യതയുള്ള 45 മുതല്‍ 50 വരെ എന്ന സൂചികയിലുമാണ്.
കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയുള്ള സമയത്തെ വെയില്‍ നേരിട്ട് കൊള്ളാതിരിക്കുക.