ലോക്സഭാ തെരഞ്ഞെടുപ്പ്; സുഹൃത്തുക്കള്‍ തമ്മില്‍ വാതുവെയ്പ്പ്, ലഭിച്ച പണം വൃക്കരോഗിയായ നാലാമന് നല്‍കി
സോഷ്യല്‍ മീഡിയയായ ഫേസ്ബുക്ക് വഴി മാത്രം പരിചയമുള്ള നിയാസ് മലബാറി, ബഷീര്‍ എടപ്പാള്‍, അഷ്കര്‍ കെ എ എന്നിവരാണ് വാതുവെയ്പ്പില്‍ ഏര്‍പ്പെട്ടത്.
ഫേസ്ബുക്ക് സൗഹൃദത്തിലെ മൂന്ന് കൂട്ടുകാര്‍ വാതുവെയ്പ്പിലൂടെ കണ്ടെത്തിയ പണം വൃക്കരോഗിയായ നാലാമത്തെ സുഹൃത്തിന് നല്‍കി വ്യത്യസ്തരാകുകയാണ് വടകരയിലെ ഈ സുഹൃത്തുക്കൾ. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സുഹൃത്തുക്കള്‍ തമ്മില്‍ നടത്തിയ വാതുവെയ്പ്പ് ഗുണം ചെയ്തത് നാലാമത്തെ സുഹൃത്തിന്‍റെ വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നല്‍കുകയായിരുന്നു.
സോഷ്യല്‍ മീഡിയയായ ഫേസ്ബുക്ക് വഴി മാത്രം പരിചയമുള്ള നിയാസ് മലബാറി, ബഷീര്‍ എടപ്പാള്‍, അഷ്കര്‍ കെ എ എന്നിവരാണ് വാതുവെയ്പ്പില്‍ ഏര്‍പ്പെട്ടത്. വടകര മണ്ഡലത്തില്‍ മത്സരിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന്‍റെ ജയവുമായി ബന്ധപ്പെട്ട് ബഷീര്‍ എടപ്പാളും അഷ്കര്‍ കെ എയും തമ്മില്‍ നടന്ന വാതുവെപ്പില്‍ നിന്ന് ഒരു ലക്ഷം രൂപയും കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ വിജയവുമായി ബന്ധപ്പെട്ടുള്ള വാതുവെയ്പ്പിലൂടെ 25,000 രൂപയുമാണ് ഇവര്‍ക്ക് ലഭിച്ചത്.
ഇങ്ങിനെ ലഭിച്ച തുക പാഴാക്കാതെ സുഹൃത്തായ കെഎസ് യു പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാലയുടെ വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി നീക്കി വച്ച് മാതൃകയാകുകയാണ് ഈ മൂവര്‍ സംഘം. എന്നാല്‍ ഇത് വളരെ ചെറിയ തുകയാണെന്നും ശസ്ത്രക്രിയയ്ക്ക് ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമാണെന്നും ഫേസ്ബുക്കില്‍ നിയാസ് മലബാറി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.