ഈ മാസം 23 മുതല്‍ മലയാള സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. പുതിയ പ്രൊജക്ടറുകള്‍ വാങ്ങാനായി തിയേറ്റര്‍ ഉടമകളെ നിര്‍മാതാക്കളുടെ സംഘടന നിര്‍ബന്ധിക്കുന്നുവെന്നും ഇത് അമിത ബാധ്യതയുണ്ടാക്കുന്നുവെന്നും ഫിയോക് പറയുന്നു.
നിശ്ചിത ദിവസത്തിന് മുന്‍പ് ഒടിടികളില്‍ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നതാണ് ഫിയോക്കിന്റെ മറ്റൊരു ആവശ്യം. 42 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മാതാക്കള്‍ ഒടിടിയില്‍ സിനിമ ഇറക്കുന്നു. നേരത്തെയും തങ്ങളുടെ ആവശ്യങ്ങള്‍ നിര്‍മാതക്കളെ അറിയിച്ചെങ്കിലും അനുകൂല നിലപാടല്ല നിര്‍മാതാക്കളില്‍ നിന്നുണ്ടായതെന്നും നിലവില്‍ പ്രദര്‍ശനം തുടരുന്ന സിനിമകളെ പ്രതിഷേധം ബാധിക്കില്ലെന്നും 23ന് ശേഷം മറ്റ് മലയാളം റിലീസുകള്‍ തിയേറ്ററുകളില്‍ ഉണ്ടാകില്ലെന്നും ഫിയോക് വ്യക്തമാക്കി.