‘ജവാനെ’ രക്ഷിക്കാന്‍ വരി നിന്നവര്‍ ധീരന്മാരായി; ഫയര്‍ ഫോഴ്സിനെ പോലും ഞെട്ടിച്ച വെള്ളംകോരല്‍ - ഒടുവില്‍ തീ അണച്ചു

ബുധന്‍, 15 മെയ് 2019 (14:28 IST)
മദ്യം വാങ്ങാന്‍ എത്തിയവരുടെ ധീരമായ ഇടപെടല്‍ മൂലം വിദേശ മദ്യ ഷോപ്പ് കത്തിനശിക്കാതെ രക്ഷപ്പെട്ടു. കോട്ടയം ചങ്ങനാശേരി കറുകച്ചാല്‍ വിദേശ മദ്യ ഷോപ്പിലാണ് ജനറേറ്ററില്‍ നിന്നും തീ പടര്‍ന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവനക്കാരന് പൊള്ളലേറ്റു.

ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. കറന്റ് പോയതിനാല്‍ ജനറേറ്ററിന്റെ സഹായത്തോടെയാണ് മദ്യ ഷോപ്പില്‍ കച്ചവടം നടന്നത്. അരമണിക്കൂര്‍ കഴിഞ്ഞതോടെ വലിയ ശബ്‌ദത്തോടെ ജനറേറ്ററിന് തീ പിടിച്ചു.

രണ്ട് മുറികളിലായിട്ടാണ് മദ്യം സൂക്ഷിച്ചിരുന്നതെങ്കിലും ജവാന്‍ മദ്യം സൂക്ഷിച്ചിരുന്ന മുറിയുടെ സമീപത്താണ് ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്. തീ പടര്‍ന്നാല്‍ ജവാന്റെ കാര്യം തീരുമാനമാകുമെന്ന് വ്യക്തമായതോടെ
നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമം ആരംഭിച്ചു. തീ പടര്‍ന്നാല്‍ ജവാന്‍ ലഭിക്കില്ലെന്ന് മനസിലായതോടെ മദ്യം വാങ്ങാന്‍ എത്തിയവരും ഇതിനിടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

സമീപത്തെ കിണറ്റില്‍ നിന്നും വെള്ളംകോരിയാണ് ഇവര്‍ അതിവേഗം തീ കെടുത്തിയത്. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് എത്തിയപ്പോഴേക്കും ജനറേറ്ററിലെ തീ അണച്ച് ജവാനെയും മറ്റ് ബ്രാന്‍ഡുകളെയും സുരക്ഷിതമാക്കാന്‍ വരി നിന്നവര്‍ക്കായി. ഇതോടെയാണ് വലിയ ദുരന്തം ഒഴിവായത്.

തീ അണയ്ക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ദുരന്തമാകുമായിരുന്നെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  ജീവനക്കാരനായ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ സുബൈറിന് പൊള്ളലേറ്റത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മോറീസ് ഗ്യാരേജസിന്റെ കരുത്തൻ എസ് യു വി എംജി ഹെക്ടറിനെ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും, വാഹനത്തെക്കുറിച്ച് കൂടുതൽ അറിയൂ !