കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷന്‍ ഭാഗങ്ങള്‍ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പുറത്തിറക്കി. പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ ആകെ പത്ത് മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ ബുക്കുകള്‍ ഇന്ന് മുതല്‍ firstbell.kite.kerala.gov.in ല്‍ ലഭ്യമാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ളാസുകളായാണ് ഒരുക്കിയിരിക്കുന്നത്. എംപി3 ഫോര്‍മാറ്റിലുള്ള ഓഡിയോ ബുക്കുകള്‍ ഒരു റേഡിയോ പ്രോഗ്രാം പോലെ ശ്രവിക്കാനും വളരെയെളുപ്പം ഡൗണ്‍ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാനും കഴിയും. ആവശ്യമുള്ളവര്‍ക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളില്‍ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ ഡൗണ്‍ലോഡ് ചെയ്യാനാവും.