കേരളത്തെ ബാധിച്ച പ്രളയം കണ്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍നിന്നാണ് അദ്ദേഹം പുറപ്പെട്ടത്.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, പത്തനംതിട്ടയിലെ റാന്നി എന്നിവിടങ്ങളിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.
വ്യോമനിരീക്ഷണത്തിനു ശേഷം കൊച്ചി നാവികസേനാ താവളത്തില്‍ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയിലാകും കേരളത്തിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പ്രധാനമന്ത്രിയെ അറിയിക്കുക.
അതേസമയം, രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രാത്രി തന്നെ പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. നിരവധിയാളുകള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്, പര്യാപ്തമായ ഹെലികോപ്ടര്‍ സംവിധാനം ഇനിയും ലഭ്യമായിട്ടില്ല, ബോട്ടുകളുടെ സേവനവും പ്രതിസന്ധിയിലാണ്, ചിലയിടങ്ങളില്‍ നിന്നുള്ള കണക്കുകള്‍ മാത്രമാണ് പുറത്തുവരുന്നത് തുടങ്ങിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ നിവേദനം നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കുകയും ചെയ്തു.