നാലാം തരംഗത്തിന്റെ സൂചന നല്‍കി സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം. ഒരിടവേളയ്ക്ക് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ ആയിരത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജൂണ്‍ 1 ബുധനാഴ്ച സംസ്ഥാനത്ത് 1,370 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് കേസുകള്‍ ആയിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.77 ശതമാനമാണ്.
രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം മിനിഞ്ഞാന്നാണ് കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആയിരം കടന്നത്. മേയ് 31 ചൊവ്വാഴ്ച 1,197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടിപിആര്‍ 7.07 ശതമാനമായിരുന്നു.
നിലവില്‍ 6462 പേര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി 7.38 ശതമാനമാണ്. ആറ് മരണങ്ങള്‍കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 69,753 ആയി ഉയര്‍ന്നു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് രോഗികള്‍ കൂടുതല്‍. ബുധനാഴ്ച എറണാകുളം ജില്ലയില്‍ 463 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 239 പേര്‍ക്കും കോട്ടയത്ത് 155 പേര്‍ക്കും കോഴിക്കോട് 107 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.