ജനങ്ങളല്ല, പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്; പാര്‍ട്ടിക്കും സര്‍ക്കാരിനും ഇല്ലാത്ത നയം ചില ജനപ്രതിനിധികള്‍ക്ക് മാത്രം ആവശ്യമില്ല: തുറന്നടിച്ച് ജി സുധാകരന്‍
പാര്‍ട്ടിക്കും സര്‍ക്കാരിനും ഇല്ലാത്ത നയം ചില ജനപ്രതിനിധികള്‍ക്ക് വേണ്ടെന്ന് ജി സുധാകരന്‍
ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കലില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍. സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഇല്ലാത്ത നയം ചില ജനപ്രതിനിധികള്‍ക്കും വേണ്ടെന്ന് ജി സുധാകരന്‍ തുറന്നടിച്ചു. സ്ഥാനാര്‍ത്ഥിയാക്കിയത് ജനങ്ങളല്ല, മറിച്ച് പാര്‍ട്ടിയാണെന്ന കാര്യം ഓരോരുത്തരും ഓര്‍ക്കണം. മദ്യശാല മാറ്റി സ്ഥാപിക്കലുമായി ബന്ധപ്പെട്ടുണ്ടായ സമരം ചില അവിവേകികളുടെ എടുത്തുചാട്ടമാണെന്നും മന്ത്രി മനോരമ ന്യൂസിന്റെ നേരെ ചൊവ്വയില്‍ പറഞ്ഞു.
ജനവികാരമല്ല സമരത്തില്‍ പ്രതിഫലിച്ചത്. ജിഷ്ണുവിന്റെ കുടുംബം സ്വകാര്യമായായിരുന്നു പരാതി നല്‍കേണ്ടിയിരുന്നത്. ഈ സ്വകാര്യത കളയാന്‍ ചില ആളുകള്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. സമരം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. പ്രതിസന്ധിയുണ്ടാക്കി സമ്മര്‍ദ്ദത്തില്‍ വീഴ്ത്താനുള്ള ശ്രമങ്ങള്‍ നടക്കില്ല. പോളിറ്റ് ബ്യൂറോയുടെ നിലപാടല്ല പൊലീസ് നടപടിയെ കുറിച്ച് എംഎ ബേബി പറഞ്ഞതെന്നും ജി സുധാകരന്‍ വ്യക്തമാക്കി.