Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മകന്റെ വിജയവാര്‍ത്ത അറിഞ്ഞു, തുടര്‍ഭരണ പ്രവചനവും യാഥാര്‍ഥ്യമായി'; രാഷ്ട്രീയ ചാണക്യന്‍ ബാലകൃഷ്ണപിള്ള

'മകന്റെ വിജയവാര്‍ത്ത അറിഞ്ഞു, തുടര്‍ഭരണ പ്രവചനവും യാഥാര്‍ഥ്യമായി'; രാഷ്ട്രീയ ചാണക്യന്‍ ബാലകൃഷ്ണപിള്ള
, തിങ്കള്‍, 3 മെയ് 2021 (10:41 IST)
തുടര്‍ഭരണം ഉറപ്പിച്ചിരുന്നു ബാലകൃഷ്ണപിള്ള. ഒരു സമയത്ത് കടുത്ത ഇടതുവിരോധിയായിരുന്ന ബാലകൃഷ്ണപിള്ള പിന്നീട് ഇടതുപാളയത്തിലെത്തിയതും പിണറായി സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ചതും കാലത്തിന്റെ കാവ്യനീതി. പിണറായി വിജയന്‍ തുടര്‍ഭരണത്തിലേക്ക് ജയിച്ചുകയറുന്നത് കണ്ടതിനു പിന്നാലെയാണ് രാഷ്ട്രീയ ചാണക്യന്റെ വിടവാങ്ങല്‍. പത്തനാപുരത്ത് മകന്‍ ഗണേഷ് കുമാര്‍ വിജയിച്ച വാര്‍ത്തയും ആശുപത്രി കിടക്കയില്‍ കിടന്നു ബാലകൃഷ്ണപിള്ള അറിഞ്ഞു. 
 
ഗണേഷ് കുമാറിന്റെ പത്തനാപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പാണെന്ന് ബാലകൃഷ്ണപിള്ള പ്രവചിച്ചത്. തുടര്‍ഭരണം ഉണ്ടാകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'യാതൊരു സംശയവുമില്ല' എന്നായിരുന്നു ബാലകൃഷ്ണപിള്ളയുടെ മറുപടി. തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെയാണ് പത്തനാപുരത്ത് മകന്‍ ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബാലകൃഷ്ണപിള്ള സജീവമായത്. കാരണം, അത്രത്തോളം രാഷ്ട്രീയത്തെ സ്‌നേഹിച്ച മഹാമേരുവായിരുന്നു അദ്ദേഹം. 

ആരാണ് ബാലകൃഷ്ണ പിള്ള

കേരള രാഷ്ട്രീയത്തില്‍ നിര്‍ണായ പങ്ക് വഹിച്ച വ്യക്തിത്വമാണ് ആര്‍.ബാലകൃഷ്ണപിള്ളയുടേത്. സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിനു ഉടമ. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍ പിള്ളയുടെയും കാര്‍ത്യായനിയമ്മയുടെയും മകനായി 1935 മാര്‍ച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. തിരുവനന്തപുരത്തെ എം.ജി.കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥി കാലം മുതലേ രാഷ്ട്രീയക്കാരന്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ തുടങ്ങി പിന്നീട് യുഡിഎഫ് സ്ഥാപക നേതാവ്, കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ പ്രമുഖന്‍, മന്ത്രി, കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ടു. 
 
കോണ്‍ഗ്രസിലൂടെയാണ് ബാലകൃഷ്ണപിള്ള സജീവ രാഷ്ട്രീയത്തിലെത്തുന്നത്. 1964 ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ സ്ഥാപക നേതാക്കളില്‍ ഒരാള്‍. 1967 ല്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.ജോര്‍ജ് അന്തരിച്ചു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടു. കെ.എം.മാണിയും ആര്‍.ബാലകൃഷ്ണപിള്ളയും തമ്മില്‍ തെറ്റിപിരിഞ്ഞു. ഇതേ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിളര്‍ന്നു. 1977 ലാണ് ആര്‍.ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (ബി) രൂപവല്‍ക്കരിച്ചത്. 1977 മുതല്‍ 1982 വരെ എല്‍ഡിഎഫിനൊപ്പവും 1982 മുതല്‍ 2015 വരെ യുഡിഎഫിനൊപ്പവും ആയിരുന്നു കേരള കോണ്‍ഗ്രസ് (ബി). പിന്നീട് വീണ്ടും എല്‍ഡിഎഫിലെത്തി. നിലവില്‍ എല്‍ഡിഎഫിനൊപ്പം തുടരുന്നു. ഇപ്പോള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ഥിയായി പത്തനാപുരത്ത് നിന്ന് മത്സരിച്ച ബാലകൃഷ്ണപിള്ളയുടെ മകന്‍ ഗണേഷ് കുമാര്‍ മികച്ച വിജയം സ്വന്തമാക്കി. 
 
1975 ലാണ് ബാലകൃഷ്ണപിള്ള ആദ്യമായി മന്ത്രിയാകുന്നത്. അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗമാകുമ്പോള്‍ പ്രായം വെറും 40 ! പിന്നീടങ്ങോട്ട് നിരവധി അധികാര സ്ഥാനങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് 1980-82, 82-85,86-87 വര്‍ഷങ്ങളില്‍ വൈദ്യുതി വകുപ്പുമന്ത്രിയായും 1991-95, 2001-04 കാലയളവില്‍ ഗതാഗത വകുപ്പുമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971-ല്‍ മാവേലിക്കരയില്‍നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1960, 65, 77, 80, 82, 87, 91, 2001 വര്‍ഷങ്ങളിലെല്ലാം വീണ്ടും നിയമസഭയിലേക്ക് എത്തി. 2006 ലാണ് അവസാനമായി മത്സരിച്ചത്, കൊട്ടാരക്കരയില്‍ നിന്ന്. എന്നാല്‍, സിപിഎമ്മിന്റെ ഐഷാ പോറ്റിയോട് തോറ്റു. 2017 ല്‍ കേരള മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ടു. 
 
പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ 1985 ല്‍ ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ഇടമലയാര്‍ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നതും രാഷ്ട്രീയ ജീവിതത്തിലെ തീരാകളങ്കമായി. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നാണംകെട്ട തോല്‍വി മണത്തിരുന്നു'; വോട്ടെടുപ്പിന് ശേഷം മുല്ലപ്പള്ളി നിശബ്ദനായി, ആഘാതം ഉറപ്പിച്ചിരുന്നു