ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്; ഗീത സിപിഎമ്മിന്റെ ശത്രു, നിയമനം വിവാദത്തിൽ
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നിയമനവും വിവാദത്തില്‍
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്നും കരകയറിയ സർക്കാർ പുതിയ വിവാദത്തിലേക്ക്. നവ ഉദാരീകരണ നയങ്ങളുടെ വക്താവായ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച നടപടിയാണ് പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗീത ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്.
സി പി എമ്മിന്റെ സാമ്പത്തികനയങ്ങളുടെ നേര്‍വിപരീത സ്ഥാനത്ത് നില്‍ക്കുകയും മോദി സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്കരണങ്ങളെ പിന്തുണക്കുകയുംചെയ്യുന്ന ഗീതയെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. സി പി എം സാമ്പത്തികനയങ്ങളുടെ വക്താക്കളായ രണ്ടുപേരാണ് നിലവില്‍ എല്‍ ഡി എഫ് സര്‍ക്കാറില്‍ നിര്‍ണായക തസ്തികകളിലുള്ളത് - ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രനും. പ്രഗൽഭരായ ഈ രണ്ടു പേരിൽ വിശ്വാസമില്ലാഞ്ഞിട്ടാണ് ഇത്തരമൊരു നടപടിയെന്ന വാദവും ഉയരുന്നുണ്ട്.