മുഖ്യമന്ത്രിയും ധനവകുപ്പും ഇടപെട്ടു; ജർമൻ ബാങ്ക് വായ്പയിൽ ബസ് വാങ്ങുന്നത് ഗതാഗതവകുപ്പ് ഉപേക്ഷിച്ചു
സിഎൻജിയിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ബസുകൾ വാങ്ങുന്നതിനായുള്ള പദ്ധതി ധനവകുപ്പ് തടഞ്ഞു.
പരിസര മലിനീകരണം കുറയ്ക്കുന്നതിനായി സിഎൻജിയിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ബസുകൾ വാങ്ങുന്നതിനായുള്ള പദ്ധതി ധനവകുപ്പ് തടഞ്ഞു. ജർമൻ വികസന ബാങ്കുമായി ചേര്‍ന്ന് 783 ബസുകൾ വാങ്ങുന്നതിനായി വായ്പയെടുക്കുന്നതിനാണ് ഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നത്. ഈ പദ്ധതിയുടെ കാര്യത്തില്‍ പുനരാലോചന വേണമെന്ന് മുഖ്യമന്ത്രിയും നിർദേശിച്ചിരുന്നു.
കൊച്ചി നഗര സർവീസുകളുടെ പൊതുഗതാഗത സൗകര്യത്തിനും ആധുനികീകരണത്തിനുമായി തയ്യാറാക്കിയ 560 കോടിയുടെ പദ്ധതിയായിരുന്നു ഇത്. ഇതിന്റെ 80% തുകയായ 448 കോടി വായ്പ നൽകാമെന്ന് ജർമൻ വികസന ബാങ്കുമായി ധാരണയും ഉണ്ടാക്കിയിരുന്നു. ഓരോ 300 മീറ്ററിലും ഫീഡർ സ്റ്റോപ്പുകൾ ക്രമീകരിക്കുമെന്നും ആറു ഡിപ്പോകൾ, ഒരു റീജനൽ വർക്ക്ഷോപ്പ് എന്നിവയിലെ അടിസ്ഥാന സൗകര്യങ്ങളും യന്ത്രസാമഗ്രികളുടെ ആധുനീകരണവും നടപ്പാക്കുമെന്നും ഈ പദ്ധതിയിൽ വ്യക്തമാക്കിയിരുന്നു.