Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹവസ്‌ത്രം എടുക്കുന്നതിനിടെ യുവതി കാമുകനൊപ്പം മുങ്ങി; വെപ്രാളത്തിനിടെ ബൈക്കില്‍ നിന്ന് വീണ യുവതിക്ക് അടുത്തേക്ക് പാഞ്ഞെത്തിയ യുവാവിനെ മാല മോഷ്‌‌ടാവാണെന്ന് കരുതി നാട്ടുകാര്‍ മര്‍ദ്ദിച്ചു - സിനിമ സ്‌റ്റൈലില്‍ നടന്ന ഒളിച്ചോട്ടം പാളി

യുവാവിനെ പൊലീസും മര്‍ദ്ദിച്ചു

കാമുകനൊപ്പം ഒളിച്ചോടി
കോട്ടയം , വെള്ളി, 24 ജൂണ്‍ 2016 (15:03 IST)
വിവാഹ വസ്‌ത്രമെടുക്കുന്നതിനിടെ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കാമുകനുമൊത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്ക് ബൈക്ക് അപകടത്തില്‍ പരുക്ക്. വ്യാഴാഴ്‌ച രാവിലെ ചങ്ങനാശേരി സെന്‍‌ട്രല്‍ ജംക്ഷനിലാണ് നാടകീയമായ സംഭവമുണ്ടായത്. അപകടത്തില്‍ കാമുകനും പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്.

അടുത്തമാസം വിവാഹം നടക്കാന്‍ പോകുന്ന യുവതിയുമായി നഗരത്തിലെ മുന്തിയ വസ്‌ത്രവ്യാപാര ശാലയില്‍ എത്തിയതായിരുന്നു മാതാപിതാക്കളും സംഘവും. മാതാപിതാക്കള്‍ വസ്‌ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനിടെ കറുകച്ചാല്‍ ചമ്പക്കര സ്വദേശിനിയായ യുവതി സൌത്ത് പാമ്പാടി കുറ്റിക്കല്‍ സ്വദേശിയായ യുവാവിനൊപ്പം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

മുന്‍ നിശ്ചയപ്രകാരം പുറത്തു കാത്തുനിന്ന യുവാവിന്റെ അടുത്തേക്ക് ഓടിയെത്തിയ യുവതി ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജംക്ഷനില്‍ വച്ചു അപകടത്തില്‍ പെടുകയായിരുന്നു. യുവതിയുടെ ചുരിദാറിന്റെ ഷോള്‍ ബൈക്കിന്റെ ടയറില്‍ ഉടക്കി പെണ്‍കുട്ടി വീഴുകയായിരുന്നു. രക്ഷപ്പെടാനുള്ള ധൃതിയില്‍ സംഭവമറിയാതെ മുന്നോട്ടു പോയ യുവാവ് ജംക്ഷന്‍ കഴിഞ്ഞതോടെയാണ് യുവതി നിലത്തുവീണതറിഞ്ഞത്. വെപ്രാളത്തിനിടെ ബൈക്കില്‍ നിന്ന് യുവാവ് വീഴുകയും ചെയ്‌തു.

വീണത് വകവയ്‌ക്കാതെ യുവതിക്ക് അടുത്തേക്ക് ഓടിയെത്തിയ യുവാവ് മാല മോഷ്‌ടിച്ചോടിയതാണെന്നും വിചാരിച്ചു നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയം ട്രാഫിക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും സ്ഥലത്തെത്തി യുവാവിനെ കൈകാര്യം ചെയ്‌തു.

ഈ സമയം യുവതിയുടെ ബന്ധുക്കള്‍ സംഭവസ്ഥലത്തേക്ക് എത്തിയതോടെയാണ് എല്ലാവര്‍ക്കും സംഗതി മനസിലായത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയുടെ കുടുംബത്തെയും യുവാവിനെയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിപ്പിക്കുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പുറത്തു പോകുമ്പോള്‍ ഇന്ത്യയ്ക്കുമുണ്ട് ചില പ്രശ്നങ്ങള്‍