Gopan Swami Death Case Kerala: വിവാദ 'കല്ലറ' തുറക്കുന്നു; ദുരൂഹത നീങ്ങാന്‍ ഇനി മണിക്കൂറുകള്‍
പിതാവിനെ സമാധി ഇരുത്തിയതാണെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ മക്കള്‍ നിലപാടെടുത്തിരുന്നു
Gopan Swami Death Case Kerala
Gopan Swami Death Case Kerala: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസില്‍ ദുരൂഹത നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഗോപന്‍ സ്വാമിയെ 'സമാധി' ഇരുത്തിയെന്ന് കുടുംബം അവകാശപ്പെടുന്ന വിവാദ കല്ലറ നാളെ തുറക്കും. കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി പരിശോധന നടത്താനാണ് തീരുമാനം. ഉച്ചയ്ക്കു മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച് ആളുകളെ തടയും. ആവശ്യമെങ്കില്‍ ഭാര്യയെയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിര്‍ണായകമായത് ഹൈക്കോടതി തീരുമാനം
പിതാവിനെ സമാധി ഇരുത്തിയതാണെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ മക്കള്‍ നിലപാടെടുത്തിരുന്നു. കല്ലറ തുറക്കണമെന്ന ആര്‍ഡിഒയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍ സ്വാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കുടുംബത്തിന്റെ നിലപാടിനെതിരെ ഹൈക്കോടതി നിലകൊണ്ടു. കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 'ഗോപന്‍ എങ്ങനെ മരിച്ചു? മരണ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടോ?' എന്നീ ചോദ്യങ്ങളാണ് കോടതി ഗോപന്‍ സ്വാമിയുടെ കുടുംബത്തോടു ചോദിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണെങ്കില്‍ നിങ്ങളുടെ ആവശ്യം അംഗീകരിക്കാമെന്ന് പോലും കോടതി പറഞ്ഞു. കേസെടുക്കാനും അന്വേഷണം നടത്താനും പൊലീസിനു ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.
കുടുംബത്തിന്റെ വാദം
പ്രായാധിക്യത്താല്‍ രോഗാതുരനായി മരണശയ്യയിലായിരുന്ന ഗോപന്‍ 'സ്വര്‍ഗവാതില്‍ ഏകാദശി'യായ ജനുവരി ഒന്‍പതിനു സമാധിയാകുന്നതിനു ആഗ്രഹം പ്രകടിപ്പിച്ചുവെന്നും തങ്ങള്‍ അത് പൂര്‍ത്തീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഭാര്യയും മക്കളും നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളൊന്നും ഇല്ലെന്നും കുടുംബം അവകാശപ്പെടുന്നു. മത സ്വാതന്ത്ര്യത്തിനും മതപരമായ ചടങ്ങുകളോടെ മൃതദേഹം സംസ്‌കാരിക്കാനും തങ്ങള്‍ക്കു ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കുടുംബം കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളുകയായിരുന്നു.
Gopan Swami Death Case Kerala
Sulochana T and Others vs District Collector, Thiruvananthapuram and Others എന്നാണ് കേസ് ടൈറ്റില്‍. WPC 1771/2025 ആണ് കേസ് നമ്പര്‍.
പരാതി നല്‍കിയത്
നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ ഗോപന്‍ സ്വാമിയെ കാണാനില്ലെന്നു പറഞ്ഞ് രണ്ട് പരാതികളാണ് ലഭിച്ചത്. ഗോപന്റെ അയല്‍വാസി കൂടിയായ വിശ്വംഭരന്‍ ആണ് ആദ്യ പരാതിക്കാരന്‍. രണ്ടാമത്തെ പരാതിയില്‍ ഒന്നിലേറെ പേര്‍ ചേര്‍ന്ന് ഒപ്പിട്ടിട്ടുണ്ട്. അതൊരു മാസ് പരാതിയാണ്. യേശുദാസന്‍ എന്ന വ്യക്തിയാണ് ഇതില്‍ ആദ്യം ഒപ്പിട്ടിരിക്കുന്നത്. രണ്ടാമത് ഒപ്പിട്ടിരിക്കുന്നത് ഗോപന്റെ അയല്‍വാസികളില്‍ ഒരാളായ മുജീബ് ആണ്.
കുടുംബത്തിലെ ദുരൂഹത
ചുമട്ടുതൊഴിലാളിയായിരുന്നു ഗോപന്‍. ഒരു ഘട്ടം എത്തിയപ്പോള്‍ ഇയാള്‍ സന്യാസം അനുഷ്ഠിക്കുകയും സ്വന്തം വീട് ആശ്രമമാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഗോപന്‍ അടക്കമുള്ള ഈ വീട്ടിലെ ആളുകള്‍ കടുത്ത ശിവഭക്തര്‍ ആണ്. തങ്ങളുടെ സ്വന്തം സ്ഥലത്ത് ഇവര്‍ ഒരു ക്ഷേത്രം പണികഴിപ്പിച്ചിട്ടുണ്ട്. ഓം കാവുവിളാകം ശ്രീ കൈലാസ നാഥ മഹാദേവ ക്ഷേത്രം എന്നാണ് അത് അറിയപ്പെടുന്നത്. ബ്രഹ്‌മ ശ്രീ ഗോപന്‍ സ്വാമി എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാളുടെ രണ്ട് ആണ്‍മക്കളില്‍ ഒരാളാണ് ഇപ്പോള്‍ ഇവിടെ പൂജകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹിന്ദുമത വിശ്വാസമനുസരിച്ചാണ് ഗോപന്‍ സ്വാമിയെ സമാധിയാക്കിയതെന്നാണ് കുടുംബത്തിന്റെ വിചിത്ര വാദം.