ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ്‌യുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പാമ്പാടി നെഹ്‌റു കോളെജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്നാണ് ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം ഏറെ നിര്‍ണായകമായ തീരുമാനം കൈക്കൊണ്ടത്. സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കും.
സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി പരിശോധിക്കും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രിക്കായിരിക്കും സമിതിയുടെ ചുമതല. നെഹ്‌റു കോളേജില്‍ തുടര്‍ന്ന് പോരുന്ന അതിക്രമങ്ങളെ പറ്റി വിദ്യാര്‍ത്ഥികളും മുന്‍വിദ്യാര്‍ത്ഥികളും ഉന്നയിച്ച പരാതിയിന്മേല്‍ പരിശോധന വേണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമിതിയാണ് രൂപീകരിക്കുന്നത്. സമിതിയുടെ ഏകോപനവും സമിതിയില്‍ ആരൊക്കെ വേണം എന്നതിനെ കുറിച്ചുമുള്ള തീരുമാനങ്ങള്‍ക്കായി വിദ്യാഭ്യാസ മന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് തൃശൂര്‍ പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥി കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൂടാതെ ജിഷ്ണുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുളള കാര്യവും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കോളെജിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്.
മന്ത്രിസഭ യോഗത്തിൽ പ്രഖ്യാപിച്ച തീരുമാനങ്ങൾ:
• തൃശ്ശൂർ ജില്ലയിലെ പാമ്പാടി നെഹ്രുകോളേജ് വിദ്യാർത്ഥിയായിരിക്കെ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
• ആഭ്യന്തരവകുപ്പില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർമാരുടെ 400 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.
• കേരള പിറവിക്കുശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയുടെ 60ആം വാർഷികം ആഘോഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമർപ്പിക്കാന്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ കണ്‍വീനറായി ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ എ കെ ബാലന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍, അഡ്വ. മാത്യു ടി തോമസ്, ഇ ചന്ദ്രശേഖരന്‍ എന്നിവർ സമിതി അംഗങ്ങളാണ്.
• അട്ടക്കുളങ്ങര ഗവണ്‍മെന്‍റ് സെന്‍ട്രല്‍ ഹൈസ്കൂളിന്‍റെ കൈവശമുള്ള ഭൂമിയില്‍ ട്രിഡ മുഖേന ബസ്ബേ, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ നിർമ്മിക്കുന്നതിനു കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ഉത്തരവ് റദ്ദാക്കി.
• തൃശ്ശൂര്‍ മഹാരാജാസ് ടെക്നോളജിക്കല്‍ ഇൻസ്റ്റി റ്റ്യൂട്ടില്‍ കംപ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒരു ഡമോണ്‍സ്ട്രേറ്റര്‍ തസ്തിക സൃഷ്ടിച്ചു.
• അമ്പലപ്പുഴ ആർട്സ് ആന്റ് സയൻസ് കോളേജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ ഒരു അധ്യാപക തസ്തിക സൃഷ്ടിച്ചു.
• പത്തനംതിട്ട ഇലന്തൂര്‍ ഗവണ്മെ്ന്റ് ആർട്സ് ആന്റ് സയൻസ് കോളേജില്‍ സുവോളജി വിഭാഗത്തില്‍ രണ്ട് അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു.
• 2017-18 സാമ്പത്തിക വർഷം മുതല്‍ പദ്ധതിപ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകുന്നതിനുള്ള വകുപ്പുതല വർക്കിങ് ഗ്രൂപ്പിന്റെ അധികാരപരിധി നിലവിലുളള 5 കോടി രൂപയില്‍ നിന്നും 10 കോടി രൂപയായി ഉയർത്തി. 10 കോടി രൂപാവരെ ചെലവ് വരുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിന് വകുപ്പുതല കർമ സമിതികളേയും 10 കോടിക്കുമുകളില്‍ ചെലവുവരുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകാൻ പ്രത്യേക കർമസമിതിയേയും ചുമതലപ്പെടുത്തി