കോണ്‍ഗ്രസിന്റെ ചവിട്ടിമെതിക്കലില്‍ നിന്ന് രക്ഷാമാര്‍ഗം അനിവാര്യം; യുഡിഎഫില്‍ മണിയുടെ നേതൃത്വത്തില്‍ കുറുമുന്നണിക്ക് സാധ്യത
കെഎം മാണി എംപി വീരേന്ദ്രകുമാറുമായി കൂടിക്കാഴ്‌ച നടത്തി
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എംഎല്‍എയുമായ കെഎം മാണിയുടെ നേതൃത്വത്തില്‍ യുഡിഎഫില്‍ കുറുമുന്നണിക്ക് നീക്കം. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാകുകയും ഘടകകഷികള്‍ക്കു മേല്‍ പരാജയ കാരണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഗ്രൂപ്പുകള്‍ നീക്കം ശക്തമാക്കുകയും ചെയ്‌തതോടെയാണ് കുറുമുന്നണിക്ക് കളമൊരുങ്ങുന്നത്.
കേരളാ കോണ്‍ഗ്രസ് (എം), ജെഡിയു, ആര്‍എസ്പി, എന്നീ കക്ഷികള്‍ ചേര്‍ന്നാണ് പുതിയ കുറുമുന്നണികള്‍ രൂപീകരിക്കാന്‍ നീക്കം നടക്കുന്നത്. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കെഎം മാണി എംപി വീരേന്ദ്രകുമാറുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. മുന്നണിയില്‍ നില്‍ക്കുന്ന ഘടകകഷികളെ കോണ്‍ഗ്രസ് മാനിക്കാത്തതും യുഡിഎഫില്‍ തര്‍ക്കങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളും സജീവമായതോടെയാണ് കുറുമുന്നണിയെന്ന ആശയം രൂപപ്പെട്ടത്. ഗ്രൂപ്പ് പോര് ശക്തമായതിനാല്‍ യുഡിഎഫില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഇത്തരമൊരു സംവിധാനം ആവശ്യമാണെന്നും ഘടകകക്ഷികള്‍ വ്യക്തമാക്കുന്നു.
കുറുമുന്നണി ശക്തമാക്കുന്നതിനായി യു ഡി എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗിലെ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസിനെ വരച്ച വരയില്‍ നിര്‍ത്താനും കുറുമുന്നണിക്ക് ലക്ഷ്യമുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പല ഘടക കകക്ഷികള്‍ക്കും എ ല്‍ ഡി എഫിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ വിലങ്ങു തടിയാകുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ മാണിക്ക് ഇടതു പ്രവേശനം വിഷമകരമാണ്.
മുന്നണി മാറ്റത്തില്‍ ആശയക്കുഴപ്പത്തിലായ ആര്‍എസ്പിയെ ഇടതു മുന്നണി രണ്ടു കൈയും നീട്ടി സ്വീകരിക്കില്ല. അതു പോലെ വീരേന്ദ്രകുമാറിന്റെ രാജ്യസഭാ എംപി സ്ഥാനം രാജിവയ്‌ക്കാതെ ജെഡിഎയു വിനും കഴിയില്ല. ഈ സാഹചര്യത്തില്‍ കുറുമുന്നണിക്ക് മാത്രമെ സാധ്യതയുള്ളൂ. കോണ്‍ഗ്രസിന്റെ ചവിട്ടിമെതിക്കലില്‍ നിന്ന് രക്ഷപ്പെടുന്നതിന് ഇത്തരമൊരു സംവിധാനം അനിവാര്യമാണെന്നും ഘടകകക്ഷികള്‍ രഹസ്യമായി പറയുന്നുണ്ട്.