Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിഥി അദ്ധ്യാപകർക്കും ഇനി ശമ്പളം മാസാമാസം; മാർഗ്ഗനിർദേശങ്ങൾ തയ്യാറായി

അതിഥി അദ്ധ്യാപകർക്കും ഇനി ശമ്പളം മാസാമാസം; മാർഗ്ഗനിർദേശങ്ങൾ തയ്യാറായി

അഭിറാം മനോഹർ

, വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (16:14 IST)
സ്ഥിരാധ്യാപകര്‍ക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകര്‍ക്കും ശമ്പളം നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. സര്‍ക്കാര്‍/ എയ്ഡഡ് കോളേജുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയബന്ധിതമായി ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഒരു സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉടന്‍ പുറത്തിറക്കും.
 
ഇനി മുതല്‍ എല്ലാ വര്‍ഷവും അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തേണ്ട ആവശ്യമില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയാല്‍ മതി. അത് ഡിസിഇ/ഡിഡി ഓഫീസുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കിയാല്‍ പ്രത്യേക രജിസ്ട്രേഷന്‍ നല്‍കും. ഏതു ഡിഡി ഓഫീസ് പരിധിയില്‍ വരുന്ന കോളേജുകളിലും ജോലി ചെയ്യാനാവും. ചട്ടപ്രകാരമാണോ നിയമനം നടന്നത് എന്നത് മാത്രം ഡിഡി ഓഫീസുകള്‍ പരിശോധിക്കും. ഗസ്റ്റ് അധ്യാപക നിയമനം കഴിഞ്ഞാല്‍ ഒരു മാസത്തിനകം തന്നെ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലേക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് വേഗത്തില്‍ അംഗീകാരം നല്‍കി ശമ്പളം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
 
അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍,പരീക്ഷ,മൂല്യനിര്‍ണയ ജോലികള്‍ എന്നിവയില്‍ പങ്കെടുക്കുന്ന അതിഥി അധ്യാപകര്‍ക്കും വേതനം നല്‍കും. അക്കാദമിക് പ്രവര്‍ത്തനങ്ങളോടൊപ്പം സെമിനാറുകളും കോണ്‍ഫറന്‍സുകളുമടക്കമുള്ള മറ്റു അക്കാദമിക് പരിപാടികളില്‍ പങ്കെടുക്കാന്‍ അതിഥി അധ്യാപകര്‍ക്ക് ശമ്പളത്തോടുകൂടിയുള്ള'ഓണ്‍ ഡ്യൂട്ടി'യും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. അതിഥി അധ്യാപകരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ടു ഒക്ടോബറില്‍ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി,കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍,ഉപഡയറക്ടര്‍മാര്‍,മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ തട്ടിപ്പിലൂടെ 31.97 ലക്ഷം തട്ടിയ കേസിൽ 2 പേർ അറസ്റ്റിൽ