വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടിയ ഒന്നിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നുവെന്ന് പോലീസ്. സംസ്ഥാനത്ത് ഇത്തരത്തിൽ വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി.
ഒരു ആറക്ക ഒടിപി നമ്പർ എസ്എംഎസ് ആയി അബദ്ധത്തിൽ അയച്ചിട്ടുണ്ടെന്നും അത് വാട്സാപ്പിൽ ഫോർവേഡ് ചെയ്ത് നൽകാനും ആവശ്യപ്പെട്ട് പരിചയമുള്ള നമ്പരുകളിൽ നിന്നാണ് തട്ടിപ്പ് മെസ്സേജ് വരുന്നത്. നമുക്ക് പരിചയമുള്ള ആളുകളുടെ നമ്പർ ഹാക്ക് ചെയ്തിട്ടാണ് ഈ മെസേജ് അയക്കുന്നത്. ഒടിപി നമ്പർ ഫോർവേഡ് ചെയ്തു കൊടുത്താൽ നമ്മുടെ വാട്സ്ആപ്പ് അക്കൌണ്ടും ഹാക്ക് ചെയ്ത് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാക്കും.
തുടർന്ന് നമ്മൾ ഉൾപ്പെട്ടിട്ടുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെയും നമ്മുടെ കോൺടാക്ട് ലിസ്റ്റിലെ അംഗങ്ങൾക്കും ഇത്തരത്തിൽ ഒടിപി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും അയക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഇത്തരത്തിൽ നൂറുകണക്കിന് പരാതികളാണ് പൊലീസ് സൈബർ സെല്ലിന് ലഭിക്കുന്നത്.
തങ്ങളുടെ വലയിൽ വീഴില്ലെന്ന് കണ്ടാൽ വാട്ട്സ്ആപ്പ് അക്കൗണ്ടിലെ ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോകളും ഉപയോഗിച്ച് ഉടമകളെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നതായി പോലീസ് പറയുന്നു. ഒടിപി നമ്പർ ആവശ്യപ്പെട്ട് നമുക്ക് പരിചയമുള്ള ആളുകൾ മെസ്സേജ് അയച്ചാൽ പോലും മറുപടി നൽകരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. വാട്സപ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കി മറ്റുള്ളവരെ അറിയിക്കാൻ ശ്രമിച്ചാൽ ആ മെസ്സേജും തട്ടിപ്പ് സംഘത്തിന് ഡിലീറ്റ് ആക്കാൻ കഴിയും. കൊച്ചിയിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു നമ്പരിൽ നിന്നും മറ്റൊരാളുടെ നമ്പറിലേക്ക് ഇത്തരത്തിൽ ഒടിപി നമ്പർ ചോദിച്ചു കൊണ്ട് മെസ്സേജ് വരികയും അയാൾ കൊടുക്കുകയും ചെയ്ത് തട്ടിപ്പിനിരയായിരുന്നു.