നാശം വിതച്ച് മഴ; സംസ്ഥാനത്ത് ഇന്ന് മാത്രം 20 മരണം
നാശം വിതച്ച് മഴ; സംസ്ഥാനത്ത് ഇന്ന് മാത്രം 20 മരണം
കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് വ്യാപകമായ നാശനഷ്‌ടം. വിവിധ ജില്ലകളിലായി മരണം 20 ആയി. നിലമ്പൂർ, വൈത്തിരി, ഇടുക്കി കഞ്ഞിക്കുഴി, പാലക്കാട് കഞ്ചിക്കോട്, വയനാട് കുറിച്യര്‍മല എന്നിവടങ്ങളിലെല്ലാം ഉരുള്‍പൊട്ടി.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയംപാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. പറമ്പില്‍ സുബ്രഹ്മണ്യന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. സുബ്രഹ്മണ്യന്റെ മാതാവ് കുഞ്ഞി (50), ഭാര്യ ഗീത (24), മക്കളായ നവനീത് (9) നിവേദ് (3), ബന്ധു മിഥുന്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. സുബ്രഹ്മണ്യനായി (30)തിരച്ചില്‍ തുടരുകയാണ്.
വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. താമരശ്ശേരി, പാല്‍ച്ചുരം, കുറ്റ്യാടി ചുരങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയിലും ഉരുള്‍പൊട്ടി. വീടിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു സ്‌ത്രീ മരിച്ചു.
ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 11 പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി. ദേവികുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേര്‍ മരിച്ചു. ഇതില്‍ പാത്തുമ്മ (65), മുജീബ് (38), ഷമീന (35) നിയ (7) മിയ (5) എന്നീ അഞ്ച് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേരും മരിച്ചു.
കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടില്‍ പുഴ വഴിമാറി ഒഴുകിയതിനെ തുടര്‍ന്ന് ഒരാളെ കാണാതായി. കണ്ണപ്പന്‍കുണ്ട് സ്വദേശിയായ രജീഷാണ് കാറടക്കം ഒഴുക്കില്‍പ്പെട്ടത്.