അടുത്ത രണ്ടാഴ്ച കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂലൈ 17ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കിയ അടുത്ത രണ്ടാഴ്ചയിലേക്കുള്ള ദ്വൈവാര മഴ പ്രവചനത്തില്‍ കേരളത്തില്‍ സാധാരണ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
വടക്കന്‍ ജില്ലകളില്‍ സാധാരണയില്‍ കുറഞ്ഞ മഴയും തെക്കന്‍ ജില്ലകളില്‍ സാധാരണ മഴയുമാണ് പ്രവചിക്കുന്നത്. ജൂലൈ രണ്ടാം പാദത്തിലെ സാധാരണ മഴ തന്നെ വലിയ മഴയാണ്. അതിനാല്‍ തന്നെ അടുത്ത രണ്ടാഴ്ച കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഇതില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ പെയ്യുന്ന ശക്തമായ മഴ അപകടങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്നും അറിയിച്ചു. ഈവര്‍ഷം മണ്‍സൂണ്‍ സീസണില്‍ ഇത് വരെ (ജൂണ്‍ 1 മുതല്‍ ജൂലൈ 17 വരെ) കേരളത്തില്‍ ആകെ ലഭിച്ചത് 823.2 മില്ലിമീറ്റര്‍ മഴയാണ്. ഇത് ഈ കാലയളവില്‍ ലഭിക്കേണ്ട സാധാരണ മഴയുടെ ദീര്‍ഘകാല ശരാശരിയേക്കാള്‍ 23 ശതമാനം കുറവാണ്.