ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നു പറന്നു; ആശങ്ക, അന്വേഷണം
കൊടിമരത്തിനു തൊട്ടടുത്തായാണ് ഹെലികോപ്റ്റർ പറന്നത്. ഹെലികോപ്റ്ററിൽ നാല് പേരുണ്ടായിരുന്നു
Publish Date: Fri, 24 Apr 2026 (11:18 IST)
Updated Date: Fri, 24 Apr 2026 (11:23 IST)
ഏപ്രിൽ 23 വ്യാഴാഴ്ച (ഇന്നലെ) രാവിലെ 11 മണിയോടെ ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നുപറന്നതിൽ ആശങ്ക. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററാണ് സന്നിധാനത്ത് താഴ്ന്ന് പറന്നത്. പൊലീസിനെ ഇക്കാര്യം അറിയിച്ചിരുന്നില്ല.
കൊടിമരത്തിനു തൊട്ടടുത്തായാണ് ഹെലികോപ്റ്റർ പറന്നത്. ഹെലികോപ്റ്ററിൽ നാല് പേരുണ്ടായിരുന്നു. അതീവ സുരക്ഷാ മേഖലയിൽ അനുവാദം വാങ്ങാതെ ഹെലികോപ്റ്റർ എത്തിയതിനെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്‌പെഷൽ കമ്മിഷണർ എഡിജിപി എസ്.ശ്രീജിത്തിന് നിർദേശം നൽകി.
സാങ്കേതിക പ്രശ്നം നേരിട്ടതിനാലാണ് ഹെലികോപ്റ്റർ താഴ്ന്നു പറന്നതെന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നും കോസ്റ്റ് ഗാർഡ് പറയുന്നു. പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ കോസ്റ്റ് ഗാർഡ് നിരീക്ഷണ പറക്കൽ നടത്താറുണ്ട്.