Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയ്യാറായാല്‍ ഉചിതമായ നടപടിയെടുക്കും: മുഖ്യമന്ത്രി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയ്യാറായാല്‍ ഉചിതമായ നടപടിയെടുക്കും: മുഖ്യമന്ത്രി

രേണുക വേണു

, ബുധന്‍, 21 ഓഗസ്റ്റ് 2024 (09:12 IST)
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയാറായി മുന്നോട്ടുവന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതില്‍ ഒരു തരത്തിലുള്ള സംശയവും ആര്‍ക്കും വേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്തുവിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നു. അന്നത്തെ സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്. തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ  ചില വനിതകള്‍ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകള്‍ ആണ്. ആയതിനാല്‍ യാതൊരു കാരണവശാലും താന്‍ അടങ്ങുന്ന കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പാടില്ല എന്ന് ജസ്റ്റിസ് ഹേമ കത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 
വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങള്‍ പങ്കിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവരാവകാശ നിയമ പ്രകാരം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വന്ന അപേക്ഷകള്‍ സാസ്‌കാരിക വകുപ്പിന്റെ മുഖ്യവിവരാവകാശ ഓഫീസര്‍ നിരസിച്ചു. അതിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ 2020ല്‍ തന്നെ വിവരാവകാശ കമ്മീഷനെ സമീപ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കഴിയില്ലെന്ന് 2020 ഒക്ടോബര്‍ 22 ന് കമ്മീഷന്‍ ചെയര്‍മാന്‍ വിന്‍സണ്‍ എം.പോള്‍ ഉത്തരവിട്ടു.
 
കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും പരിഹാര നടപടികളും പ്രത്യേക ഭാഗത്തായി നല്‍കിയിരുന്നില്ല. സാക്ഷി മൊഴികളും പരിശോധനാ വിധേയമാക്കിയതിന്റെ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നതിനാല്‍ വെളിപ്പെടുത്തേണ്ടവ ഏതെന്ന് വിഭജിച്ച് എടുത്ത് ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നു നിരീക്ഷിക്കുക കൂടി ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്ന് വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കിയത്. 2020 ല്‍ പുറപ്പെടുവിച്ച ആ ഉത്തരവിനെ ഓവര്‍ റൂള്‍ ചെയ്താണ് വിവരാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ 2024 ജൂലൈ 7 ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്തവണ ഓണക്കിറ്റ് ആറ് ലക്ഷം പേര്‍ക്ക്; സപ്ലൈകോയില്‍ 13 ഇനം ഭക്ഷ്യസാധനങ്ങള്‍ക്ക് സബ്‌സിഡി