ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടക്കത്തിലെ തടയാനുള്ള സർക്കാർ നീക്കം പാളി. കേസിൽ സിബിഐ അന്വേഷണം നടക്കട്ടെയെന്ന നിലപാടാണ് ഹൈക്കോടതി കൈകൊണ്ടത്. സിബിഐ അന്വേഷണം തടയാൻ ഹൈക്കോടതി തയ്യാറായില്ലെന്ന് മാത്രമല്ല അന്വേഷണം തുടരട്ടെ എന്ന് വാക്കാൽ പരാമർശിക്കുകയും ചെയ്‌തു. കേസിന്റെ വാദം വ്യാഴാഴ്‌ച്ച തുടരും.
ധാരണ പത്രം ഒപ്പിട്ടതു റെഡ് ക്രെസെന്റും യൂണിറ്റാകും തമ്മിലാണ്. പണം കൈമാറിയത് കരാര്‍ കമ്പനിക്കാണ്, ഇതിൽ ചട്ടവിരുദ്ധമായ യാതൊന്നുമില്ലെന്നും ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. റെഡ് ക്രസന്റ് പണം നൽകിയത് കരാർ കമ്പനിക്കാണെന്നും സര്‍ക്കാര്‍ വാദിച്ചു.
ലൈഫ് മിഷൻ ഇല്ലെങ്കിൽ യുണിടെക്കിന് പണം ലഭിക്കുമോ എന്ന് കോടതി ആരാഞ്ഞു.ധാരണാപത്രം ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മില്‍ അല്ലേ എന്നും കോടതി ചോദിച്ചു.വീടുണ്ടാക്കാൻ ധാരണ ഉണ്ടെന്നും പണമിടപാട് ഇല്ലെന്നും ലൈഫ് മിഷൻ ഭൂമി നൽകുകമാത്രമാണ് ഉണ്ടായതെന്നും സർക്കാർ വിശദീകരിച്ചെങ്കിലും സിബിഐ അന്വേഷിക്കട്ടെ എന്ന വാക്കാലുള്ള പരാമർശമാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്.