വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി
വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു
വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി. ദേശീയ ദുരന്തമായതുകൊണ്ട് തന്നെ കടബാധ്യത എഴുതിത്തള്ളാന്‍ വ്യവസ്ഥയില്ലേ എന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വയനാട് ദുരിതബാധിതരുടെ ജീവനോപാതി തന്നെ ഇല്ലാതായി. അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നത് കേന്ദ്രസര്‍ക്കാര്‍ ഗൗരവ ഗൗരവമായി പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
കോവിഡില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് താല്‍ക്കാലികമായിരുന്നു. എന്നാല്‍ വയനാട് ദുരന്തത്തില്‍പെട്ടവര്‍ക്ക് അങ്ങനെയല്ല സംഭവിച്ചതെന്നും കോടതി പറഞ്ഞു. കോടതി ഉത്തരവിറക്കിയാല്‍ അക്കാര്യം പരിശോധിക്കാമെന്നും വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി കൂടി വേണ്ടതുണ്ടെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
കൂടാതെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.