എറണാകുളം : വൈക്കത്ത് ഹണി ട്രാപ്പുമായി ബന്ധപ്പെട്ടു രണ്ടു വനിതകളെ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം വെച്ചൂർ ശാസ്താംകുളം കുന്നപ്പള്ളിൽ ഷീബ എന്ന രതിമോൾ (49), ഒണംതുരുത് പടിപ്പുരയിൽ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ ധൻസ് (39) എന്നിവരാണ് പോലീസ് പിടിയിലായത്.
വൈക്കം സ്വദേശിയും രതിമോളുടെ ബന്ധുവുമായ മധ്യവയസ്കനെ ഹണിട്രാപ്പിൽ പെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്. വീടുകളുടെ മേൽക്കൂരയുടെ പണി ചെയ്യുന്ന മധ്യവയസ്കനും രതിമോളുടെ ബന്ധുവുമായ ആളെ വീടിന്റെ ജോലിയുണ്ടെന്നു പറഞ്ഞു വിളിച്ചു വരുത്തി മൂവരും ചേർന്ന് മോശമായ രാതിയിൽ വീഡിയോ പകർത്തിയാണ് ട്രാപ്പിൽ പെടുത്തിയത്.
സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. ഇല്ലെങ്കിൽ 50 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ഇത് ആറു ലക്ഷമാക്കി ചുരുക്കി. പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.