തിരുവനന്തപുരം : വന്ദേ ഭാരത് സൂപ്പർ ട്രെയിനിൽ യാത്രക്കാരന് ലഭിച്ച ഭക്ഷണത്തിൽ പാറ്റകൾ എന്ന് പരാതി. തിരുന്നന്തപുരത്തു നിന്നു കാസർകോട്ടേക്ക് പോയ വന്ദേഭാരതിൽ ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്ക് പോയ കുടുംബമാണ് പരാതി നൽകിയത്.
ട്രെയിൻ ചെങ്ങന്നൂർ കഴിഞ്ഞതും ഭക്ഷണസാധനങ്ങൾ യാത്രക്കാർക്ക് വിതരണം ചെയ്തപ്പോഴായിരുന്നു സംഭവം. സഹയാത്രികരായ മറ്റു ചിലർക്കും സമാന സംഭവം ഉണ്ടായി എന്നാണ് റിപ്പോർട്ട്. പരാതി സംബന്ധിച്ച് യാത്രക്കാരൻ ഒരു സ്വകാര്യ ചാനലിനോട് ഭക്ഷണത്തിൽ പാറ്റ ലഭിച്ച കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഭക്ഷണം പൊതിഞ്ഞപ്പോഴല്ല പാറ്റകൾ ഇതിൽ വന്നതെന്നും ഭക്ഷണപ്പൊതികൾ സൂക്ഷിച്ചിരുന്ന ട്രെയിനിലെ സ്റ്റോറേജ് റൂമിൽ നിന്നാണ് പാറ്റകൾ കയറിക്കൂടിയത് എന്നാണ് പരാതി ലഭിച്ച റയിൽവേ കാറ്ററിംഗ് അധികാരികൾ പറഞ്ഞത്. ഭക്ഷണം പാക്ക് ചെയ്തതിൽ വീഴ്ച വന്നിട്ടില്ലെന്നും പരാതി സംബന്ധിച്ച് അന്വേഷണം നടത്തി നടപടി എടുക്കും എന്നും റയിൽവേ അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ മാസത്തിലും ഇതേ ട്രെയിനിൽ ഭക്ഷണത്തോടൊപ്പം നൽകിയ മുട്ടക്കറിയിൽ പാറ്റയെ കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. അന്ന് പാക്കറ്റ് തുറന്നപ്പോഴായിരുന്നു പാറ്റയെ കണ്ടത്. ഉടൻ തന്നെ ഭക്ഷണം നൽകിയ കാറ്ററിംഗ് ജീവനക്കാർ യാത്രക്കാരനോട് ക്ഷമ ചോദിച്ചിരുന്നതായും യാത്രക്കാരൻ സമൂഹമാധ്യമമായ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞിരുന്നു.