സർക്കാരിനെ ദുർബലപ്പെടുത്താൻ നോക്കേണ്ട, അത് നടക്കില്ല; ഐ എ എസുകാരുടെ കൂട്ട അവധി ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി
സർക്കാരിനെതിരെയല്ല തങ്ങളെന്ന് ഐ എ എസ് ഉദ്യോഗസ്ഥർ
ഐ എ എസുകാർക്കെതിരെയുള്ള വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധി എടുക്കാൻ തീരുമാനിച്ച ഐ എ എസ് ഉദ്യോഗസ്ഥരുടെ തീരുമാനം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികാരം സ്വാഭാവികം, പക്ഷേ വികാരവും നടപടിയും വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിജിലൻസ് ഡയറക്ടർക്ക് അനുകൂലമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സർക്കാരിനെ ദുർബലപ്പെടുത്താൻ നോക്കേണ്ട, അതിന് വഴങ്ങില്ല എന്നും പിണറായി വിജയൻ പറഞ്ഞു.
ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന അന്വേഷണം തുടർന്നും അങ്ങനെ തന്നെ നടക്കും. അന്വേഷണം സ്വതന്ത്ര്യമായും0 നിഷ്പക്ഷമായും നടക്കണം എന്നാണ് സർക്കാരിന്റെ തീരുമാനം. ഐ എ എസ് ഓഫീസർമാർക്കെതിരെയുള്ള വിജിലൻസ് അന്വേഷണം ആദ്യത്തേതല്ല. കേസ് ചാർജ് ചെയ്യലും സസ്പെൻഡ് ചെയ്യലും മുമ്പും ഉണ്ടായിട്ടുണ്ട്. ഒരു വിഭാഗം ഐ എ എസ് ഉദ്യോഗസ്ഥർ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധത്തിലേക്ക് പോയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിഷയം അധീവഗൗരവത്തോടെ കാണുന്നു. ഇത് ശരിയായ നടപടിയായില്ല. ഇക്കാര്യം ഐ എ എസ് അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നടപടിയിൽ ഒരു ന്യായീകരണവും ഇല്ലെന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ആശങ്കയുടെ പുറകിൽ എടുത്ത തീരുമാനമാണ് ഇതെന്ന് ഐ എ എസ് ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ഒരു തീരുമാനമോ ലക്ഷ്യമോ അവർക്കില്ല എന്ന് വ്യക്തമായിരിക്കുകയാണ്.