യെച്ചൂരിക്കു നേരെയുണ്ടായ ആര്‍എസ്എസ് ആക്രമം; കലിപ്പന്‍ മറുപടിയുമായി പിണറായി രംഗത്ത്
യെച്ചൂരിക്കു നേരെയുണ്ടായ ആര്‍എസ്എസ് ആക്രമം: മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത്
പാര്‍ട്ടി ആസ്ഥാനത്ത് കടന്നുകയറി ജനറല്‍ സെക്രട്ടറിയെ ആക്രമിച്ച് സിപിഎമ്മിനെ ഒതുക്കിക്കളയാമെന്ന വ്യാമോഹം ആര്‍എസ്എസിന തിരിഞ്ഞ് കുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആർഎസ്‌എസ് ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണമാണ് എകെജി ഭവനിലുണ്ടായതെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-
പാർട്ടി ആസ്ഥാനത്തു കടന്നു കയറി ജനറൽ സെക്രട്ടറിയെ ആക്രമിച്ചു സി പി ഐ എമ്മിനെ ഒതുക്കിക്കളയാം എന്ന വ്യാമോഹം ആർ എസ് എസിനെ തിരിഞ്ഞു കുത്തും. ആർ എസ് എസ് ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണമാണ് ഡൽഹി എകെജി ഭവനിൽ സഖാവ് സീതാറാം യെച്ചൂരിക്ക് നേരെ ഉണ്ടായത്.
ഭീരുത്വത്തിന്റെ ചീറ്റലാണ് ഇത്തരം അതിക്രമങ്ങൾ. ഫാസിസത്തിലേക്കു രാജ്യത്തെ നയിക്കാനുള്ള ആർഎസ്‌എസ് ലക്ഷ്യത്തിനു തടസ്സം സി പി ഐ എം ആണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് രാജ്യവ്യാപകമായി നുണപ്രചാരണവും ഭീഷണിയും വെല്ലുവിളിയും പാർട്ടിക്കെതിരെ നടത്തുന്നത്. ഇതൊന്നും ഞങ്ങളെ തളർത്തില്ല. ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടാനുള്ള ഈ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും, സമരം നയിക്കും.
ആർ എസ് എസ് അജണ്ടയ്ക്ക് കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസ് വഴിപ്പെട്ടതു കൊണ്ടാണ് ആക്രമണത്തിനൊരുമ്പെടാൻ സംഘപരിവാർ ക്രിമിനലുകൾക്ക് അവസരം ലഭിച്ചത്. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം നടക്കുന്നതിനാൽ ഏ.കെ.ജി. ഭവനുനേരെയും പ്രധാന നേതാക്കൾക്കു നേരെയും ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്നും കേരള പോലീസിന്‍റെ ഇന്റലിജൻസ് വിഭാഗം ഡൽഹി പൊലിസ് കമ്മീഷണറെയും സെക്യൂരിറ്റി ചുമതലയുളള ജോയിന്‍റ് കമ്മീഷണറെയും ജൂണ്‍ 5-നു തന്നെ അറിയിച്ചിരുന്നു. മാത്രമല്ല കേരളാഹൗസിനു നേരെ അടുത്ത ദിവസങ്ങളിൽ തുടരെത്തുടരെ ഉണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ റസിഡന്റ് കമ്മീഷണര്‍ ഡൽഹി പൊലിസ് മേധാവികൾക്ക് പ്രത്യേക പരാതിയും നല്‍കിയിരുന്നു. എന്നാൽ ഡൽഹി പൊലിസ് ഇതെല്ലാം അവഗണിച്ചു. ആ സൗകര്യം ഉപയോഗിച്ചാണ് കേന്ദ്ര കമ്മിറ്റി ഓഫിസിലേക്കു സംഘ ക്രിമിനലുകൾ കടന്നു കയറിയതും ആർ എസ് എസ് മുദ്രാവാക്യം മുഴക്കി പാർട്ടി ജനറൽ സെക്രട്ടറിയെ ആക്രമിക്കാൻ തുനിഞ്ഞതും.
നേതൃത്വത്തെ തകർത്ത് പ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്ന വ്യാമോഹവും കൊണ്ട് കമ്മ്യൂണിസ്റ്റുകാർക്ക് നേരെ വരേണ്ടതില്ല, ഇത്തരം അനേകം അതിക്രമങ്ങളെ ചെറുത്തും അതിജീവിച്ചുമാണ് ഈ പ്രസ്ഥാനം മുന്നേറിയത്. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും പൗര സ്വാതന്ത്ര്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെ ഉയരുന്ന ഈ ഭീഷണിയും ആക്രമണവും ജനശക്തി കൊണ്ട് നേരിടാൻ സി പി ഐ എം നേതൃസ്ഥാനത്തുണ്ടാകും.