Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയത്തിനേക്കാൾ വലിയ ജയം; തോറ്റാലും നിങ്ങൾ ഞങ്ങടെ ചങ്കാണ്, ബ്ലാസ്റ്റേഴ്സിന്റെ കരുത്താണ് ഈ ആരാധകർ!

ഇനിയുമുണ്ട് അവസരം, കാത്തിരിക്കാൻ തയ്യാറാണെന്ന് ആരാധകർ

കേരള ബ്ലാസ്റ്റേഴ്സ്

അപര്‍ണ ഷാ

, തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (12:04 IST)
ഐ എസ് എൽ കലാശക്കളി കാണാന്‍ ഇന്നലെ മുതല്‍ സ്‌റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായവും തലക്കെട്ടുമായി ആരാധകര്‍ ഒഴുകിയെത്തി. കമോണ്‍ ബ്ലാസ്‌റ്റേഴ്‌സ് എന്ന വിജയാരവം ഓരോ ചുണ്ടുകളില്‍നിന്നും വാനിലേക്കുയര്‍ന്നു. അക്ഷരാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് തന്നെയായിരുന്നു ആരാധകർ. സ്റ്റേഡിയത്തിൽ ഇരുന്ന് ആവേശഭരിതരായ അരലക്ഷത്തിൽ കവിയുന്ന ആരാധകരുടെ ആഗ്രഹത്തിനോട് നൂറ് ശതമാനവും നീതി പുലർത്താൻ ബ്ലാസ്റ്റേഴ്സ് ടീമിനു കഴിഞ്ഞു.
 
അവസാനം വരെ അവർ പോരാടി. ഭാഗ്യം തുണച്ചില്ല. പെനാൽറ്റിയെന്ന നൂൽപ്പാലത്തിൽ വീണുടഞ്ഞത് ഒരു നാടിന്റെ മൊത്തം സ്വപ്നമായിരുന്നു. ഐ പി എൽ കളിയിൽ പോലും ഇത്രയും ആവേശം കണ്ടിട്ടുണ്ടാകില്ല. മഞ്ഞയിൽ കുളിച്ച ഗാലറി ഓരോ ഗോളിലും തിരമാലപോലെ അലയടിക്കുകയായിരുന്നു. കേരളം ഉറ്റുനോക്കിയ ഫൈനല്‍ പോരാട്ടത്തില്‍ സച്ചിന്റെ സ്വന്തം ബ്ളാസ്റ്റേഴ്സ് ടൈബ്രേക്കറില്‍ 4-3ന് അത്ലറ്റികോ കൊല്‍ക്കത്തയുടെ മനോവീര്യത്തിന് മുന്നിൽ ഒരിക്കൽ കൂടി കീഴടങ്ങി.
 
webdunia
രണ്ട് വർഷം മുമ്പും നടന്നത് ഇതുതന്നെയായിരുന്നു. കൃത്യമായി പറഞ്ഞാൽ 2014ൽ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തെ തീപാറിച്ചുകൊണ്ട് നടന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനെ പൊളിച്ചടുക്കി കിരീടം സ്വന്തമാക്കിയതും ഇതേ അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്ത ആയിരുന്നു. മലയാളത്തിന്റെ സര്‍വ അനുഗ്രഹവും പ്രതീക്ഷകളുമായി ബ്ലാസ്റ്റേഴ്സ് ടീമും, കോല്‍ക്കത്തയും തമ്മില്‍ തീപാറുന്ന പോരാട്ടമായിരുന്നു അന്ന് നടന്നത്. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം സത്യത്തിൽ അന്ന് കേരളത്തിനൊപ്പമായിരുന്നു. ഗാല്ലറിയില്‍ നിറഞ്ഞതില്‍ ഭൂരിഭാഗവും കേരളത്തിന്റെ മഞ്ഞ ജേഴ്സിയായിരുന്നു. അപ്പോൾ അതേ ടീമുകൾ തമ്മിൽ ഒരിക്കൽ കൂടി മത്സരിക്കുമ്പോൾ, അതും നമ്മുടെ കൊച്ചിയിൽ ആണെങ്കിൽ ഗാലറിയിൽ ആരാകും ഉണ്ടാകുകയെന്ന് പറയേണ്ട കാര്യമില്ല.
 
webdunia
പതിഞ്ഞ തുടക്കമായിരുന്നു കലാശക്കളിക്ക്. ഇരുനിരയും ജാഗ്രതയോടെ പന്തുതട്ടിത്തുടങ്ങിയപ്പോള്‍ മുനകൂര്‍ത്ത മുന്നേറ്റങ്ങള്‍ ആദ്യനിമിഷങ്ങളിലുണ്ടായില്ല. കൊൽക്കത്ത ഒന്നു പതുങ്ങിയപ്പോൾ കേരളത്തിന്റെ റാഫി ഉയർന്നു. പക്ഷേ പതുങ്ങിയത് ഗോൾ അടിക്കാനാണെന്ന് കൊൽക്കത്ത ഉടൻ തന്നെ തെളിയിച്ചു. സമയം അവസാനിച്ചപ്പോൾ 1-1. ഇഞ്ചോടിഞ്ച് ആരാണ് കേമന്‍ എന്ന രീതിയിലാണ് മത്സരം നടന്നത്. അധികസമയം ലഭിച്ചപ്പോൾ ഇരുടീമും ആക്രമിക്കുകയായിരുന്നു. ഇത്രയും നേരം ഗോള്‍ നേടാനാകാത്തത് ഇരു ടീമുകളേയും സമ്മര്‍ദ്ദത്തിലാക്കി എന്നത് അവരുടെ ശരീര ഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു. പരസ്പരം ആക്രമിച്ച് കളിക്കാന്‍ ഇതോടെ ഇരു ടീമുകളിം ആരംഭിച്ചു. മത്സരത്തിന്റെ ആവേശം ഏറി വരുന്നതോടെ ആക്രണത്തിനും മൂര്‍ച്ചയേറി.
 
webdunia
ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് ആരാധകർ തന്നെയായിരുന്നു. പക്ഷേ ഭാഗ്യമില്ലാതെ പോയെന്ന് മാത്രം. കൊൽക്കത്ത കപ്പ് നേടിയപ്പോൾ ഗാലറി നിശബ്ദമായിരുന്നു. ശബ്ദിക്കാൻ പോലും കഴിയാതെ മരിച്ച വീട്ടിലെ അവസ്ഥയായിരുന്നു ഗാലറിയിൽ. എന്നാൽ, കളിയിൽ തോറ്റെങ്കിലും അങ്ങനെയൊന്നും കെട്ടടങ്ങുന്നതല്ല ഈ ആരാധക വീര്യമെന്ന് കാണികൾ തന്നെ പറയുന്നു. പൊരുതി തോറ്റാൽ അങ്ങ് പോട്ടേന്ന് വെക്കുമെന്ന് ആരാധകർ പറയുന്നു. നമുക്കും കാത്തിരിക്കാം ബ്ലസ്റ്റേഴ്സ് കിരീടം ചൂടുന്ന നാളിനായി. വരില്ലേ ഇനിയും ഇത് വഴി, ഞങ്ങൾ കാത്തിരിക്കും... ഫുട്ബോളിനെ നെഞ്ചോടു ചേർത്ത ഒരു ജനതയുണ്ട് നിങ്ങൾക്കു പിന്നിൽ....തോൽവിയിലും പതറാതെ.... 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഞ്ചിയൂർ വിഷ്ണു കൊലക്കേസ്; 11 ആർ എസ് എസ് പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം, ഒരാൾക്ക് ജീവപര്യന്തം