ശ്രീദേവിക്ക് വേണ്ടി ഓടിയവർ വിദേശത്ത് മരിക്കുന്ന പ്രവാസികൾക്ക് വേണ്ടിയും ഓടണം: വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം ഇരുപത്തിയേഴ് വയസ്സുള്ള ഒരു മലയാളി വിദേശത്ത് വെച്ച് ആത്മഹത്യ ചെയ്തു...

Webdunia
ബുധന്‍, 28 ഫെബ്രുവരി 2018 (11:55 IST)
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ശ്രീദെവിയുടെ മരണം അപ്രതീക്ഷിതമായിരുന്നു. മരണം വിദേശത്തായതിനാല്‍ മൂന്നു നാള്‍ കഴിഞ്ഞാണ് മൃതശരീരം നാട്ടിലെത്തിയത്. ഒട്ടനവധി അഭ്യൂഹങ്ങൾക്കും പ്രചരണങ്ങൾക്കും നൂലാമാലകൾക്കും ശേഷം ഇന്നലെ രാത്രിയോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്.
 
പ്രമുഖകർക്ക് മാത്രം പരിഗണനകൾ ലഭിച്ചാൽ പോരെന്ന് മാധ്യമപ്രവര്‍ത്തകനായ ഐപ്പ് വള്ളിക്കാടന്‍. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സാധാരണക്കാരനും ഈ പരിഗണന കിട്ടണമെന്ന ചിന്തയിലേക്ക് ഐപ്പ് വിരല്‍ ചൂണ്ടുന്നത്.
 
കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
 
മധുവിനെക്കുറിച്ച് ഞാനൊന്നും എഴുതിയില്ല,അവനെ കൊന്നവരെയും കള്ളനെന്ന് വിളിച്ചവരെയും, സെല്‍ഫിയെടുത്ത് ആഘോഷിച്ചവരെയും തല്ലിക്കൊല്ലാനാണ് തോന്നിയത്.ശരിക്കും..അങ്ങനെ തന്നെയാണ് ഇപ്പോഴും തോന്നുന്നത്.
 
പക്ഷേ ഇവിടെ ഞാന്‍ കുറിക്കുന്നത് മരണത്തെക്കുറിച്ചാണ്.ഏകനായി പ്രവാസനാട്ടില്‍ മരിക്കുന്നതിനെക്കുറിച്ചാണ്. ശ്രീദേവിയെക്കുറിച്ചാണ്,അമ്പത്തിമൂന്നുവയസ്സുകാരിയായ ലേഡി സൂപ്പര്‍സ്റ്റാറിനെക്കുറിച്ചാണ്.അവര്‍ മരിച്ച ദിവസം മുതല്‍ പോലീസ് മോര്‍ച്ചറിക്ക് മുന്നില്‍ നിലയുറപ്പിച്ച് വാര്‍ത്തകള്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്തയാളായതുകൊണ്ട് എന്തെങ്കിലും എഴുതണമെന്ന് തോന്നി.
 
സിനിമയില്‍ കണ്ട മുഖം മാത്രമാണ് ശ്രീദേവി എനിക്ക്,ഇഷ്ടം തോന്നിയ നടി. അന്ത്യ നിമിഷം വേദനാജനകമായിരുന്നിരിക്കണം. ശ്രീദേവി മരിച്ചപ്പോള്‍ മുതല്‍ ട്വീറ്റുകള്‍ നിലക്കാതെ പെയ്യുകയായിരുന്നു.പ്രധാനമന്ത്രിയും രാഷ്ട്രപതിയും ബിജെപി അധ്യക്ഷനും അങ്ങനെ എത്രയോ പേര്‍ നൂറായിരം പേര്‍ അവര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു, മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് നിര്‍ദേശിച്ചു എന്ന് വരെ കഥകള്‍ പടര്‍ന്നു.അംബാനി കുടുംബം സ്വകാര്യ ജറ്റ് കമ്പനിയെ ഏര്‍പ്പാടാക്കി,ദുബായ് വിമാനത്താവളത്തിലേക്കയച്ചു.അമിത് ഷാ അബുദാബയിലെ രാജകുടുംബാംഗങ്ങളെ വിളിച്ച് കാര്യങ്ങള്‍ എളുപ്പത്തിലാക്കാന്‍ പറഞ്ഞു.
 
സമ്മര്‍ദ്ദങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും ദുബായ് പോലീസ് സമചിത്തതയോടെ എല്ലാത്തിനെയും നേരിട്ടു.പോലീസ് മോര്‍ച്ചറയിലായിരുന്ന(കസ്റ്റഡിയിലായിരുന്ന) മൃതദേഹം ഇഴകീറി പരിശോധിച്ചു.ആന്തരാവയവങ്ങള്‍,രക്തം എന്നിവയെല്ലാം പരിശോധനയുടെ ഭാഗമായി,ഒടുവില്‍ അനാവശ്യ അപവാദങ്ങളും,അഭ്യൂഹങ്ങളും അവസാനിപ്പിച്ച് മരണം മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു.അപകടമരണം എന്ന് തന്നെയെന്ന് സ്ഥിരീകരിച്ച് പബ്ലിക് പ്രോസിക്യൂഷനും വിധിയെഴുതി.
 
ഇതൊക്കെ യാഥാര്‍ഥ്യം പക്ഷേ ചില ചിന്തകള്‍ മുന്നോട്ട് വക്കാനാണ് ഈ എഴുത്ത്.
എത്രയോ പേര്‍ മരിക്കുന്നു.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പോലീസ് മോര്‍ച്ചറിയില്‍ നിന്നും ഇന്ത്യയിലേക്ക് പറന്നത് പത്തിലധികം ശവശരീരങ്ങളാണ് ശ്രീദേവിയെപ്പോലെ ശ്വാസം നിലച്ച പത്തിലധികം പേര്‍.അവരില്‍ എണ്ണായിരം ദിര്‍ഹം ശമ്പളവും ഇരുപത്തിയേഴ് വയസ്സ് മാത്രവുമുള്ള ഒരു മലയാളിയുണ്ടായിരുന്നു.കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് കടലില്‍ ചാടിയാണ് അവന്‍ മരിച്ചത്.അവനെയും കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചു.
 
മരണം അപ്രതീക്ഷിതമായി എത്തുന്ന കള്ളനെപ്പോലെയാണെന്ന് ബൈബിളില്‍ വായിച്ചിട്ടുണ്ട്.സത്യമാണ്.അല്ലെങ്കില്‍ ഇത്രയും ധനാഢ്യയായ,കുടുംബസുഹൃത്തുക്കളുള്ള ശ്രീദേവി എങ്ങനെ പ്രവാസിനാട്ടില്‍ മരിക്കണം. എന്റെ അപ്പന്‍ പറഞ്ഞ ഒരു കാര്യം ഓര്‍മ്മിക്കുന്നു,രണ്ട് പെണ്‍മക്കള്‍ വേണം മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ തലക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് കരയാന്‍ ആളുണ്ടാകണം,എങ്കിലേ ഞാന്‍ ആരെങ്കിലുമാണെന്ന് നാട്ടുകാര്‍ക്ക് തോന്നുവെന്ന്..സത്യമാണ്.
 
കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് സഹപ്രവര്‍ത്തകനായിരുന്ന വിഎം സതീഷ് ഹൃദയംപൊട്ടി അജ്മാനില്‍ വച്ച് മരിച്ചത്.മരിക്കുന്നതിന്റെ രാവിലെ ഭാര്യയെ വിളിച്ചിരുന്നു മകളും മകനുമുണ്ടായിരുന്നു പക്ഷേ മരിച്ചപ്പോള്‍ ഏകനായിരുന്നു.ആരോരുമില്ലായിരുന്നു.
ശ്രീദേവിക്ക് അര്‍ഹിച്ച പരിഗണന തന്നെയാണ് സര്‍ക്കാരും പോലീസും ഇന്ത്യയിലുള്ളവരും നല്‍കിയത്. പദ്മശ്രീ കിട്ടിയ,സിനിമകളിലൂടെ ഇന്ത്യയെ നാലാള്‍ അറിയിച്ച നല്ല അമ്മയായ സത്രീക്ക് കിട്ടേണ്ട പരിഗണന തന്നെ കിട്ടി.
 
കോണ്‍സുലേറ്റ് അധികാരികള്‍ കാറില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള സീലുമായി കാത്തിരിക്കുകയായിരുന്നു,അംബാസഡര്‍ ട്വീറ്റോട് ട്വീറ്റായിരുന്നു.
ഇതുപോലെയല്ലെങ്കിലും ഞാനും ഒരു ദിവസം മരിക്കും,ഏതൊരു പ്രവാസിക്കും മരണം അപ്രതീക്ഷിതമായെത്തുന്ന സര്‍പ്രൈസാ,ഒരിക്കലും ആഗ്രഹിക്കാത്ത സര്‍പ്രൈസ്.
ശ്രീദേവിക്ക് വേണ്ടി ഓടിയതിന് ഒരു തരത്തിലും ഞാന്‍ കുറ്റം പറയുന്നില്ല,പക്ഷേ ഇവിടെ മരിക്കുന്നവര്‍ക്ക് വേണ്ടി കൂടി കോണ്‍സുലേറ്റും എംബസി ഉദ്യോഗസ്ഥരും ഓടണം,മരിക്കുന്നവിന്റെ മോര്‍ച്ചറിക്ക് മുന്നിലെത്തി അവന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിക്കൊടുത്ത് ആ ശരീരം എത്രയും പെട്ടെന്ന് ബന്ധുക്കളുടെ അടുത്തെത്തിക്കണം. ഇതൊക്കെ വിഐപികള്‍ക്ക് മാത്രം ലഭിക്കുന്ന സംവീധാനമാകരുത്.
 
ഊരും പേരുമില്ലാത്തവനെയും,ബന്ധുക്കള്‍ പോയിട്ട് സ്വന്തം മക്കള്‍ക്ക് പോലും വേണ്ടാത്ത മരണപ്പെട്ടവരുടെ ശവവുമേന്തി സ്വന്തം കൂടുംബത്തെപ്പോലും ഉപേക്ഷിച്ച് അവരുടെ ഊരുതേടിപോകുന്ന അഷ്‌റഫ് താമരശ്ശേരി,നസീര്‍ നന്തി,നസീര്‍ വാടാനപ്പള്ളി,പുഷ്‌പേട്ടന്‍,നിസാര്‍ പാട്ടാമ്പി,റിയാസ്,വിനോദ്തുടങ്ങിയ സന്‍മനസ്സുകളെ ഓര്‍ക്കാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കൂടിയാണ് ഈ കുറിപ്പ്.
 
സ്വകാര്യ ജറ്റില്‍ പറന്ന ശ്രീദേവിയുടെ അത്മാവിന് ശാന്തി നേരുന്നതിനൊപ്പം,ഒരു കാര്യം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ,ഇവിടെ കിടന്ന് മരിക്കുന്നവന് ശരീരത്തിന്റെയും ശവപ്പെട്ടിയുടെ ഭാരം നോക്കി പണം വാങ്ങി ടിക്കറ്റീടാക്കുന്ന ഏര്‍പ്പാടിനും മാറ്റം ഉണ്ടാകണം.കൂടെപോകുന്നവനും ശവരീരത്തിനും സൗജന്യ ടിക്കറ്റ് നല്‍കണം.വിമാനത്താവളത്തിലെത്തുന്ന ശരീരം സൗജന്യ ആംബുലന്‍സ് തയാറാക്കി വീട്ടിലെത്തിക്കണം.കൊടിയ കാശുള്ളവന്‍ പോലും ചിലപ്പോള്‍ അനാഥനായി മരിക്കേണ്ടിവരുന്ന എത്രയോ സംഭവങ്ങളുണ്ട്.
 
ഇന്ത്യയില്‍ നിന്നുമെത്തുന്ന പ്രതിനിധികളെ തീറ്റാനും കുടുക്കാനും നല്‍കുന്ന വകയില്‍ നിന്ന് വഴി മാറ്റേണ്ട,പക്ഷേ ഇത്തരം ശവശരീരങ്ങളെ ഉത്തരവാദിത്തത്തോട് കൂടി നാട്ടിലെത്തിക്കാന്‍ നയതന്ത്രകാര്യാലയങ്ങള്‍ വഴി പണം ചിലവാക്കണം.സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ചായ വാങ്ങാനെങ്കിലും ആണ്ടിലൊരിക്കല്‍ പണം നല്‍കണം.അര്‍ഹതപ്പെട്ടവര്‍ക്ക് എംബസിയുടെ പേരില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം അങ്ങനെ എന്തൊക്കെ ചെയ്യാം.
 
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതെഴുതന്നതിന് പിന്നില്‍ ഒരു കാര്യമുണ്ട്.നാലാള്‍ കൂടുതല്‍ വായിക്കുമ്പോള്‍ എവിടെയെങ്കിലും എത്താതിരിക്കില്ല……അതുകൊണ്ടാണ് എന്റെ ഈ നാലക്ഷരങ്ങള്‍… 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

അടുത്ത ലേഖനം
Show comments