പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാതല ഏകോപനയോഗം നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. രോഗം ബാധിക്കുമ്പോള്‍ അംഗീകൃതമല്ലാത്ത ചികിത്സാ രീതികളെ ആശ്രയിക്കുന്നത് സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ചികിത്സ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കളക്ടര്‍ പറഞ്ഞു. വ്യാജ പ്രകൃതി ചികിത്സാ രീതികള്‍ സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ ആയുഷ് വകുപ്പിന് നിര്‍ദേശം നല്‍കി.
കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ ഉറപ്പാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. സ്‌കൂള്‍ പരിസരങ്ങളിലെ ബേക്കറികള്‍, ഹോട്ടലുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ ശുദ്ധമായ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കാനും യോഗം നിര്‍ദേശിച്ചു. സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന കുടിവെള്ളം ശുദ്ധമാണെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ പറഞ്ഞു.
നിലവില്‍ ഒറ്റപ്പാലം, തൃത്താല, പട്ടാമ്പി, അനങ്ങനടി , വിളയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ മേഖലകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.