തമിഴ്നാട്ടിലെ സ്ഥിതി കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു; ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അവ്യക്തത തുടരുന്നു
തമിഴ്നാട്ടിലെ സ്ഥിതി കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അവ്യക്തത തുടരുന്നു. അതേസമയം, തമിഴ്നാട്ടിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. സംസ്ഥാനത്തെ രാഷ്‌ട്രീയവും ഭരണപരവുമായ അവസ്ഥയെക്കുറിച്ച് ഗവര്‍ണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എന്നാല്‍, ജയലളിതയുടെ ആരോഗ്യനിലയില്‍ തുടര്‍ച്ചയായ പുരോഗതിയുണ്ടെന്നാണ് ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. അണുബാധയ്ക്ക് എതിരെയുള്ള ഔഷധങ്ങളും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും അടങ്ങിയ ചികിത്സാപദ്ധതിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.