ആ മുറിയിൽ നടന്നത് ഉപദേശം മാത്രമല്ല? ജിഷ്ണുവിന്റെ ശരീരത്തിൽ മർദ്ദിച്ചതിന്റെ മുറിവുകൾ ഉണ്ടായിരുന്നു; ഒരു റീത്ത് പോലും വെയ്ക്കാൻ അധ്യാപകർ തയ്യാറായില്ല
ജിഷ്ണുവിനോട് എന്തിനിത് ചെയ്തു? ഉത്തരം പറയേണ്ടത് അധികൃതരാണ്
നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ പാമ്പാടി എഞ്ചിനീയറിങ് കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യ തന്നെയോ എന്ന സംശയത്തിലാണ് ഇപ്പോൾ ബന്ധുക്കൾ. ജിഷ്ണുവിന് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ചു മര്‍ദ്ദനമേറ്റുവെന്നു ബന്ധുക്കള് പറയുന്നു. ജിഷ്ണുവിന്റെ മുഖത്തും പുറത്തും ഉള്ളംകാലിലും മര്‍ദ്ദനമേറ്റതിന്റെ അടയാളമുള്ളതായി ജിഷ്ണുവിന്റെ ബന്ധുവായ ശ്രീജിത്ത് വ്യക്തമാക്കുന്നു. പ്രമുഖ ഓൻലൈൻ മാധ്യമത്തോടാണ് ശ്രീജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
മൂക്കിന്റെ വലതുഭാഗത്തായി മുറിവില്‍ രക്തം കനച്ചുകിടക്കുന്നുണ്ട്. ഉള്ളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ട്. പുറത്തെ മുറിവില്‍ രക്തം വാര്‍ന്നതിന്റെ അടയാളങ്ങള്‍ കാണാനുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. കോപ്പിയടിച്ചുവെന്നാരാപിച്ചായിരുന്നു ജിഷ്ണുവിനെ ക്ലാസിൽ നിന്നും അധ്യാപകൻ അപമാനിച്ചത്.
തുടർന്ന് പ്രിന്‍സിപ്പലും പി ആര്‍ ഒയും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്നു ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്കുകൊണ്ടുപോയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. മുറിയില്‍ മാനസികമായും ശാരീരികമായും ജിഷ്ണുവിനെ പീഡിപ്പിച്ചതാകാമെന്ന അനുമാനത്തിലാണു ബന്ധുക്കളും സുഹൃത്തുക്കളും. വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെറും ഉപദേശം മാത്രമാണു നടന്നതെങ്കില്‍ ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകള്‍ എങ്ങനെയുണ്ടായി എന്നു പറയാന്‍ കോളേജ് അധികൃതര്‍ ബാധ്യസ്ഥരാണെന്നു ബന്ധുക്കള്‍ ചോദിക്കുന്നു.
കോളേജ് അധികൃതര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതുകൊണ്ടാണ് അവന്‍ ജീവിതം അവസാനിപ്പിച്ചത്. അവന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടിയുമായി ഏതറ്റം വരെയും പോകും. നാളെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും ശ്രീജിത്ത് പറഞ്ഞു.
ജിഷ്ണു ആത്മഹത്യക്കു ശ്രമിച്ചതിനു ശേഷം ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴും കോളേജില്‍ നിന്നു ആരും സഹായത്തിനുണ്ടായിരുന്നില്ലെന്നു സഹപാഠികൾ വ്യക്തമാക്കിയിരുന്നു. ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ജിഷ്ണുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിട്ടും അദ്ധ്യാപകരോ പ്രിന്‍സിപ്പലോ മറ്റു മാനേജ്‌മെന്റ് പ്രിതിനിധികളോ പങ്കെടുത്തില്ല. ഇവരാരും ഫോണില്‍ വിളിച്ചു പോലും അനുശോചനം രേഖപ്പെടുത്തിയിട്ടില്ല. കോളേജ് അധികൃതര്‍ ഒരു റീത്തു പോലും സമര്‍പ്പിച്ചിട്ടില്ലെന്നു ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.