ജിഷ്ണുവിന്റെ ആത്മഹത്യ: ഒളിവില്‍ പോയ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും, വിമാനത്താവളങ്ങളിലും കനത്ത ജാഗ്രത നിര്‍ദേശം
ജിഷ്ണുവിന്റെ മരണം: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തെതുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകരടക്കം അഞ്ച് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ കടന്നുകളയാതിരിക്കുന്നതിനായി വിമാനത്താവളങ്ങളിലടക്കം പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നെഹ്റു ഗ്രൂപ്പ് ചെയര്‍മാനായ പി കെ കൃഷ്ണദാസ് ഒന്നാം പ്രതിയായ കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ വിപിന്‍, പ്രവീണ്‍, പിആര്‍ഒ സന്‍ജിത്ത് എന്നിവരാണ് മറ്റ് പ്രതികള്‍. ഒളിവില്‍ പോയിരിക്കുന്ന പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
അതേസമയം, കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. കളക്ടറുടെ യോഗത്തില്‍ പങ്കെടുക്കണമെന്ന് കാണിച്ച് പി കെ കൃഷ്ണദാസ് കോടതിയില്‍ ഹാജരാക്കിയത് പഴയ കത്താണെന്നും സര്‍ക്കാര്‍ അഭിഭാഷകന്റെ വീഴ്ച മൂലമാണ് കൃഷ്ണദാസിന് ജാമ്യം ലഭിച്ചതെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ആരോപിച്ചു .
ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളെജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ക്കായി അന്വേഷണം നടത്തുന്നത്. കോളേജില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം പിടിച്ചെടുക്കുകയും അത് ഫോറന്‍സിക് ലാബിന് കൈമാറുകയും ചെയ്തിട്ടുണ്ട്.