ജിഷ്ണുവിന്റെ മരണം: ട്രസ്റ്റ് ചെയർമാൻ കൃഷ്ണദാസിന്റെ അറിവോടെയാണ് അതി ക്രൂരമായ പീഡനം നടന്നതെന്ന് പൊലീസ്
ജിഷ്ണുവിനെ പീഡിപ്പിച്ചതിനു സാഹചര്യത്തെളിവുകൾ ഉണ്ടെന്ന് പൊലീസ്
പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത വിദ്യാർഥി ജിഷ്ണു പ്രണോയിയെ മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതിനു സാഹചര്യത്തെളിവുകളുണ്ടെന്നു പൊലീസ്. ട്രസ്റ്റ് ചെയർമാൻ കൃഷ്ണദാസിന്റെ അറിവോടെയാണ് ബോർഡ് റൂമിൽ കൊണ്ടുപോയി ജിഷ്ണുവിനെ അതി ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു.
നിരപരാധിയായ ഒരു പാവം വിദ്യാർഥിയെ തകർക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനായി കോളജ് അധികൃതർ പരീക്ഷയ്ക്കിടെ ജിഷ്ണു ക്രമക്കേട് നടത്തിയെന്ന ആരോപണം ഉന്നയിച്ചു. കൂടാതെ ഒരു തെറ്റും ചെയ്യാത്ത ജിഷ്ണുവിനെ മൂന്നു സെമസ്റ്ററിലേക്കു ഡീബാർ ചെയ്തു. ഇതില്‍ മനസ്സു നൊന്ത വിദ്യാർഥി അന്നു വൈകിട്ട് ജീവനൊടുക്കുകയായിരുന്നുവെന്ന് ഇരിങ്ങാലക്കുട എഎസ്പി കിരൺ നാരായണൻ അറിയിച്ചു.
സംഭവശേഷം എല്ലാ തെളിവുകളും നശിപ്പിക്കുന്നതിനായി പ്രതികൾ സിസിടിവി ദൃശ്യങ്ങൾ നീക്കംചെയ്തു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കില്‍ സ്ഥാപിച്ച സിസി ടിവി, വിഡിയോ റെക്കോർഡിങ് ഹാർഡ് ഡിസ്ക് തകർത്തു. ഇതിലെല്ലാം ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികൾക്കു നേരിട്ടു പങ്കുണ്ട്. ഈ പ്രതികൾ ചേർന്നാണ് ക്രൈം സീൻ മാറ്റിമറിച്ചത്. ബോർഡ് റൂമിന്റെ ഭിത്തിയിൽ നിന്നു രക്തക്കറ കഴുകിക്കളഞ്ഞതും ഇവരാണെന്ന് പൊലീസ് പറഞ്ഞു.