സമരം തുടരുന്ന ജീവനക്കാരെ പിരിച്ച് വിടുമെന്ന് ഗതാഗത മന്ത്രി
ഡീസലിന്റെ വാറ്റ് നികുതി കുറയ്ക്കണമെന്ന് സര്‍ക്കാരിന് കെഎസ്ആര്‍ടിസിയുടെ കത്ത്
സമരം തുടരുന്ന കെ എസ് ആർ ടി സി ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത്. കെ എസ് ആർ ടി സിയെ തകർക്കുന്ന തരത്തിലുള്ള തീരുമാനത്തിൽ നിന്നും ജീവനക്കാർ പിൻമാറണം. ലതവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത 1600 ജീവനക്കാരെ പിരിച്ചുവിടാനുളള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നികുതിയിളവ് നല്‍കിയാല്‍ തത്കാലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കി കെ എസ് ആർ ടി സി സർക്കാരിന് കത്തയച്ചു. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ഡീസലിന്റെ വാറ്റ് നികുതി കുറയ്ക്കണമെന്നാണ് സര്‍ക്കാരിനോട് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഡീസലിന്റെ വാറ്റ് നികുതിയില്‍ കെഎസ്ഇബിക്കും വാട്ടര്‍ അതോറിറ്റിക്കും നല്‍കുന്ന ഇളവിന്റെ പരിഗണന കെഎസ്ആര്‍ടിസിക്കും നല്‍കണം. ഇത്തരത്തില്‍ ഇളവുകള്‍ ലഭിക്കുകയാണെങ്കില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായകരമാകുമെന്നാണ് കെഎസ്ആര്‍ടിസി കരുതുന്നതും.
ഈ മാസവും ശമ്പളം വൈകുമെന്ന് നേരത്തെ ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സമരങ്ങളുമായി ജീവനക്കാര്‍ പ്രതിഷേധത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയതും. ദിവസങ്ങൾ നീണ്ട സമരത്തിന് ഇന്നും അവാസാനമായിട്ടില്ല.