'എന്നെ മാറ്റിയാല്‍ സതീശനേയും മാറ്റണം'; വാശിപിടിച്ച് സുധാകരന്‍, കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സുധാകരനും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല
ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചുനല്‍കാത്തതില്‍ കെ.സുധാകരന് അതൃപ്തി. തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനാല്‍ സുധാകരനെ താല്‍ക്കാലികമായി കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. എം.എം.ഹസനാണ് താല്‍ക്കാലിക ചുമതല നല്‍കിയത്. കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞാല്‍ അധ്യക്ഷ സ്ഥാനം തിരിച്ചു കിട്ടുമെന്ന് സുധാകരന്‍ കരുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ സുധാകരന് അധ്യക്ഷ സ്ഥാനം തിരിച്ചുകൊടുക്കുന്നതില്‍ തീരുമാനമായില്ല.
അധ്യക്ഷ സ്ഥാനം തിരിച്ചുതരണമെന്ന് കെപിസിസി യോഗത്തില്‍ സുധാകരന്‍ പറഞ്ഞു. എന്നാല്‍ കുറച്ചുകൂടി കാത്തിരിക്കൂ എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ മറുപടി നല്‍കിയത്. വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്നാണ് വേണുഗോപാല്‍ അടക്കമുള്ളവരുടെ നിലപാട്. തന്നെ തഴയാന്‍ വേണ്ടിയാണോ ഇങ്ങനെയൊരു നിലപാടെന്ന് സുധാകരന് സംശയമുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സുധാകരനും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല. തന്നെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാന്‍ സതീശന്‍ കളിക്കുന്നുണ്ടെന്ന് സുധാകരന് സംശയമുണ്ട്. തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി നേതൃമാറ്റം വേണമെന്ന നിലപാടിലേക്ക് എഐസിസി പോകുമോ എന്നാണ് സുധാകരന്റെ പേടി. തന്നെ മാത്രം മാറ്റിക്കൊണ്ടുള്ള നേതൃമാറ്റം അംഗീകരിക്കില്ലെന്ന് സുധാകരന്‍ വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. തന്നെ മാറ്റുകയാണെങ്കില്‍ സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റണമെന്നും സുധാകരന്‍ പറയുന്നു.