K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായാണ് കെപിസിസി നേതൃമാറ്റം
K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് കെ.സുധാകരനെ നീക്കാന്‍ തീരുമാനമായി. സുധാകരന്റെ കൂടി അനുവാദത്തോടെ ഹൈക്കമാന്‍ഡാണ് നിര്‍ണായക തീരുമാനമെടുത്തത്. പുതിയ കെപിസിസി അധ്യക്ഷനെ നാളെ പ്രഖ്യാപിക്കാന്‍ സാധ്യത. ആന്റോ ആന്റണി അധ്യക്ഷസ്ഥാനത്തേക്കു എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായാണ് കെപിസിസി നേതൃമാറ്റം. പ്രായാധിക്യത്തെ തുടര്‍ന്ന് ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് സുധാകരനെ നീക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. ഹൈക്കമാന്‍ഡ് തീരുമാനത്തിനു സുധാകരന്‍ വഴങ്ങി.
പാര്‍ട്ടിയെ സുധാകരന്‍ മികച്ച രീതിയില്‍ നയിച്ചെന്നാണു ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. എന്നാല്‍, അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍, തിരഞ്ഞെടുപ്പുപോരാട്ടങ്ങളിലേക്കു പാര്‍ട്ടി കടക്കാനിരിക്കെ പുതിയ നേതൃത്വം വരുന്നതാണ് ഉചിതമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പാര്‍ട്ടി താല്‍പര്യത്തിനായി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സുധാകരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചു.
അതേസമയം ഉപാധികളോടെയാണ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ സുധാകരന്‍ സമ്മതിച്ചതെന്നാണ് വിവരം. എഐസിസി നിര്‍വാഹകസമിതിയില്‍ സുധാകരനെ ഉള്‍പ്പെടുത്തിയേക്കും.