'പൊലീസിന്റെ സഹായമൊന്നും വേണ്ട, ഞാന്‍ ഈ ജംഗ്ഷനില്‍ ഇരിക്കും'; കരിങ്കൊടി കാണിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കടകംപള്ളി
കരിങ്കൊടി കാണിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ കണ്ട് കടകംപള്ളി കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി
കരിങ്കൊടി പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ ഒറ്റയ്ക്ക് നേരിട്ട് കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം പൗഡികോണത്ത് വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കടകംപള്ളി സുരേന്ദ്രനെതിരെ കരിങ്കൊടി കാണിച്ചത്.
കരിങ്കൊടി കാണിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ കണ്ട് കടകംപള്ളി കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി. ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ അരികില്‍ പോയി കടകംപള്ളി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. തനിക്ക് പൊലീസിന്റെ സഹായം ആവശ്യമില്ലെന്നും തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട എന്നും കടകംപള്ളി പ്രതിഷേധക്കാരോട് പറഞ്ഞു.
' ആരോപണം എങ്ങനെ നേരിടണമെന്ന് എനിക്കറിയാം. നിങ്ങള്‍ പ്രതിഷേധിച്ചോ. ഇതെല്ലാം രാഷ്ട്രീയമാണ്. ഞാന്‍ ജനങ്ങളുടെ കൂടെ കാണും. പൊലീസിന്റെ സഹായമൊന്നും എനിക്ക് വേണ്ടാ. ഈ നാട്ടില്‍ എനിക്ക് അതിന്റെ ആവശ്യമില്ല. ഞാന്‍ ഈ ജംഗ്ഷനില്‍ ഇരിക്കും. പേടിപ്പിക്കാനൊന്നും നോക്കണ്ട,' കടകംപള്ളി പറഞ്ഞു.
സ്വർണക്കടത്തുകേസ് പ്രതി സ്വപ്നയുടെ വീട്ടിൽ പോയതായും ഫോട്ടോയെടുക്കുമ്പോൾ സ്വപ്നയുടെ തോളിൽ കൈയിട്ടതായും കടകംപള്ളിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം കടകംപള്ളി നിഷേധിച്ചു.