മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വീണാൻ അത് എല്ലാത്തിന്റെയും അവസാനം? ആർഎസ്എസ് കണ്ണൂരിനെ ലക്ഷ്യമിടുന്നത് ഇതിനോ?
കണ്ണൂരിൽ നടക്കുന്നത് ധർമ്മയുദ്ധം; 16 വര്‍ഷം മുമ്പ് എംഎന്‍ വിജയന്‍ പറഞ്ഞത് ഇങ്ങനെ
സംഘപരിവാറിന്റെ ആസൂത്രിത കലാപ ശ്രമത്തിന്റെ ഭാഗമായി കണ്ണൂരിൽ വീണ്ടും കൊലക്കത്തിയെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം സിപിഎം ലോക്കൽ കമ്മറ്റിയംഗം ബാബുവിനെ കൊലപ്പെടുത്തിയതും ഇതിന്റെ ഭാഗമായാണ്. ഫാസിസം കണ്ണൂരിലേക്ക് കടന്നുവരുന്നതിനെക്കുറിച്ച് സിപിഎമ്മിന്റെ ബുദ്ധികേന്ദ്രമായിരുന്ന എംഎന്‍ വിജയന്‍ മാഷ് 16 വർഷം മുമ്പ് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും പ്രസക്തമാണ്. അദ്ദേഹം അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു;
”കണ്ണൂരില്‍ മൗലികമായി ജാതി ഘടനയല്ല രാഷട്രീയ ഘടനയാണ്. അതിനെ തകര്‍ക്കാന്‍ ബിജെപി, ആര്‍എസ്എസ് ശക്തികള്‍ക്ക് കഴിഞ്ഞിട്ടില്ല. തകര്‍ക്കാനെന്നല്ല ഒരു പോറലു പോലും ഏല്‍പ്പിക്കാനായിട്ടില്ല. കോട്ട കേറി ആക്രമിക്കലാണ് ഫാസിസത്തിന്റെ എപ്പോഴത്തെയും രീതി. കോട്ട പിടിച്ചെടുത്താല്‍ രാജ്യം പിടിച്ചെടുത്തു എന്നാണല്ലോ.
ഇപ്പോള്‍ കണ്ണൂരിലെ സംഭവങ്ങള്‍ ആകസ്മികമായി ഉണ്ടാകുന്നതല്ല. മറിച്ച് കൃത്യമായ പദ്ധതികളെ അടിസ്ഥാനമാക്കി ഉണ്ടാകുന്നതാണ്. ഒരു സംസ്ഥാനത്തെ ഏറ്റവും കരുത്തുള്ള പാര്‍ട്ടിയെ ആക്രമിക്കുക, ആ പാര്‍ട്ടിയുടെ കരുത്തുള്ള പ്രദേശത്തെ ആക്രമിക്കുക. ഇത് രണ്ടുമാണ് പദ്ധതികളില്‍ പ്രധാനം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വീണുകഴിഞ്ഞാല്‍ മറ്റ് പാര്‍ട്ടികള്‍ നിസാരമാണെന്ന ലോജിക് അതിലുണ്ട്. ഇത് മനസിലാക്കാതെയാണ് മറ്റ് പാര്‍ട്ടിക്കാര്‍ ചാരത്തിരുന്ന് ചിരിക്കുന്നത്.
നടപ്പാതയിലൂടെ നടക്കുന്ന ഒരാളുടെ വിചാരം ബസ്സൊന്നും അവരുടെ ശരീരത്തില്‍ കയറില്ല എന്നാണ്. എന്നാല്‍ ആദ്യം റോഡില്‍ക്കൂടി നടക്കുന്നവരുടെ മേല്‍ ബസ് കയറ്റിയിട്ട് വഴിയോരത്ത് കൂടി നടക്കുന്നവരുടെ മേലും കയറ്റാം എന്നാണ് ഫാസിസത്തിന്റെ രീതി. അതുകൊണ്ട് ഫാസിസത്തില്‍ നിങ്ങള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളില്ല”