കർക്കിടകത്തിനു ഭക്തിയുടെ കോടി പുതപ്പിക്കുന്ന മറ്റൊരു രാമായണ മാസത്തിന് തുടക്കമായി
കർക്കടകം - ഭക്തിസാന്ദ്രമായ രാമായണ മാസം
കർക്കടകം - വറുതി പിടിമുറുക്കുന്ന മറ്റൊരു ആടിമാസമാണ്. എന്നാൽ ഹൈന്ദവർക്ക് ഭക്തിമാസമാണിത്. കർക്കടകത്തെ ഭക്തിയുടെ കോടി പുതപ്പിക്കുന്ന ഒരു രാമായണ മാസം. അടുത്ത പതിനൊന്ന് മാസം എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകളാണ് ഇന്ന് നടക്കുക. പ്രാർത്ഥനകളാൽ നിറഞ്ഞു നിൽക്കുന്ന ഭക്തിസാന്ദ്രമായ നാളുകളാണ് ഇനി മുതൽ. എന്നും രാവിലെ കുളിച്ച് ശുദ്ധി വരുത്തി രാമായണം പാരായണം ചെയ്യുന്നത് കോടി ജന്‍മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീര്‍ത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത്.
ഒരു മാസം കൊണ്ട് വായിച്ചു തീര്‍ക്കേണ്ടത് രാമായണത്തിലെ 24,000 ശ്ലോകങ്ങളാണ്. ഇന്നു മുതല്‍ ഓരോ മലയാളി ഭവനങ്ങളിലും തുഞ്ചന്‍റെ കിളിയുടെ ചിറകടി ശബ്ദം ഉയരും. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ചിങ്ങപ്പുലരിയിലേക്കുള്ള കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.