ബംഗളൂരു : ഹിമാചൽ പ്രദേശ് സ്വദേശിനിയായ എയർ ഹോസ്റ്റസ് മരിച്ച സംഭവത്തിൽ മലയാളിയായ കാസർകോട് സ്വദേശിക്കെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു. ബംഗളൂരുവിലെ അപാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണു മരിച്ച അർച്ചന ധിമാൻ (28) ന്റെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ കാമുകനായ കാസർകോട് സ്വദേശി ആദേശ് (26) നെതിരെ കോറമംഗള പോലീസ് കേസെടുത്തത്.
ആദേശിനെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡൻസി അപാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് അർച്ചന വീണു മരിച്ചത്. ആദേശ് തന്നെയാണ് വിവരം പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു അർച്ചന താഴെ വീണ വിവരം അറിയിച്ചതും. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അർച്ചന മരിച്ചിരുന്നു.
നാല് ദിവസം മുമ്പാണ് അർച്ചന ആദേശിനെ കാണാനായി ബംഗളൂരുവിൽ എത്തിയത്. ബംഗളൂരു - ദുബായ് റൂട്ടിൽ സർവീസ് നടത്തുന്ന അന്താരാഷ്ത്ര വിമാന കമ്പനിയിലാണ് അർച്ചന ജോലി ചെയ്യുന്നത്. കഴിഞ്ഞ ആറു മാസമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നും വെള്ളിയാഴ്ച രാത്രി ഇരുവരും സമീപത്തെ മോളിൽ പോയി സിനിമ കണ്ടശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയിരുന്നു എന്നും പോലീസ് അറിയിച്ചു. പിന്നീട് ഇരുവരും തമ്മിൽ തർക്കമുണ്ടായി എന്നും സൂചനയുണ്ട്. ഈ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തിയത്.
എന്നാൽ യുവതി മരിച്ചതാണോ അതോ കൊല്ലപ്പെട്ടതാണോ എന്നാണു ഇപ്പോൾ പോലീസ് അന്വേഷിക്കുന്നത്. സിറ്റൗട്ടിൽ നടക്കുന്നതിനിടെ അർച്ചന കാൽ വഴുതി താഴെ വീഴുകയായിരുന്നു എന്നാണു ആദേശ് പോലീസിനോട് പറഞ്ഞത്.