K.C.Venugopal: എംഎൽഎമാരുടെ പിന്തുണയിൽ കെ.സിക്ക് ഈസി; മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു
കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയവരാണ് ഡൽഹിയിലെത്തുന്ന പ്രമുഖ നേതാക്കൾ
Publish Date: Tue, 05 May 2026 (10:18 IST)
Updated Date: Tue, 05 May 2026 (10:26 IST)
K.C.Venugopal: മുഖ്യമന്ത്രിയാകാൻ താൽപര്യമുണ്ടെന്ന് കെ.സി.വേണുഗോപാൽ ഹൈക്കമാൻഡിനെ അറിയിച്ചു. യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയതിനു പിന്നാലെ ആരായിരിക്കണം മുഖ്യമന്ത്രിയെന്ന് തീരുമാനിക്കാൻ കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്ക് പോകുകയാണ്. മുഖ്യമന്ത്രിക്കായുള്ള ആലോചനകളും തീരുമാനവും ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടക്കും.
കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയവരാണ് ഡൽഹിയിലെത്തുന്ന പ്രമുഖ നേതാക്കൾ. എംഎൽഎമാരുടെ പിന്തുണ കൂടുതലുള്ളയാൾ മുഖ്യമന്ത്രിയാകട്ടെ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാകും.
ജയിച്ചുവന്ന എംഎൽഎമാരിൽ കൂടുതലും കെ.സി.വേണുഗോപാൽ പക്ഷക്കാരാണ്. വേണുഗോപാൽ കഴിഞ്ഞാൽ ചെന്നിത്തലയെ പിന്തുണയ്ക്കുന്ന എംഎൽഎമാരാണ് കൂടുതൽ. മത്സരിച്ചില്ലെങ്കിലും തനിക്ക് മുഖ്യമന്ത്രിയാകാൻ താൽപര്യമുണ്ടെന്ന് കെ.സി.വേണുഗോപാൽ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരെ അറിയിച്ചിട്ടുണ്ട്.
കെ.സി. മുഖ്യമന്ത്രിയാകുകയാണെങ്കിൽ ആറ് മാസത്തിനുള്ള ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടിവരും. ഇരിക്കൂറിൽ സജി ജോസഫിനെ രാജിവെപ്പിച്ച് അവിടെ മത്സരിക്കാനാണ് കെ.സി.വേണുഗോപാലിന്റെ പദ്ധതി.