വിവാദ കഫ് സിറപ്പ് നിര്‍മ്മാതാവ് ഉല്‍പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പന നിരോധിച്ച് കേരളം
കമ്പനിക്കെതിരെ തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോളര്‍ ആരംഭിച്ച ലൈസന്‍സ് റദ്ദാക്കല്‍ നടപടികളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
തിരുവനന്തപുരം: കാഞ്ചീപുരം ആസ്ഥാനമായുള്ള ചുമ സിറപ്പ് നിര്‍മ്മാണ കമ്പനിയായ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പ്പനയും വിതരണവും ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് നിരോധിച്ചു. കമ്പനിക്കെതിരെ തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോളര്‍ ആരംഭിച്ച ലൈസന്‍സ് റദ്ദാക്കല്‍ നടപടികളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദിലെ റെഡ്നെക്സ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന റെസ്പിഫ്രഷ് ടിആര്‍ (60 മില്ലി സിറപ്പ്, ബാച്ച് നമ്പര്‍ R01GL2523) എന്ന മറ്റൊരു ചുമ മരുന്നിന്റെ വില്‍പ്പനയും സംസ്ഥാനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഗുജറാത്ത് ഡ്രഗ്സ് കണ്‍ട്രോളര്‍ മരുന്ന് നിര്‍ദ്ദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ഇത്.
കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പാണ് അടിയന്തര നടപടി സ്വീകരിച്ചത്. സംസ്ഥാനത്തുടനീളമുള്ള സിറപ്പിന്റെ വിതരണം നിര്‍ത്തിവച്ചു. കേരളത്തിലെ അഞ്ച് വിതരണക്കാരാണ് ഉല്‍പ്പന്നം കൈകാര്യം ചെയ്തിരുന്നത്. എല്ലാവര്‍ക്കും ഉടന്‍ തന്നെ വിതരണം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരോധിത മരുന്ന് വില്‍ക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.