Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് 25 ലക്ഷം രൂപ സംഭാവന നല്‍കി

ഉടന്‍ ആരംഭിക്കാനിരിക്കുന്ന ഐ.എസ്.എല്‍ പതിനൊന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ടീം നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് 'ഗോള്‍ ഫോര്‍ വയനാട്' ക്യാംപയിന്‍

Kerala Blasters donates 25 Lakhs to CMDRF

രേണുക വേണു

, ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (20:05 IST)
Kerala Blasters donates 25 Lakhs to CMDRF

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയതിനൊപ്പം 'ഗോള്‍ ഫോര്‍ വയനാട്' എന്ന പേരില്‍ ഒരു ക്യാമ്പയിനും ടീം പ്രഖ്യാപിച്ചു. 
 
ഉടന്‍ ആരംഭിക്കാനിരിക്കുന്ന ഐ.എസ്.എല്‍ പതിനൊന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ടീം നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് 'ഗോള്‍ ഫോര്‍ വയനാട്' ക്യാംപയിന്‍. കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ-ഉടമകളുടെ 1.25 കോടി രൂപ സംഭാവനയ്ക്ക് പുറമേയാണ് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്ന സര്‍ക്കാറിന്റെ തീവ്ര ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്നുകൊണ്ട് ബ്ലാസ്റ്റേഴ്‌സും ഒപ്പം ചേരുന്നത്. 
 
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ചെയര്‍മാന്‍ നിമ്മഗഡ്ഡ പ്രസാദ്, കെ.ബി.എഫ്.സി ഡയറക്ടര്‍ നിഖില്‍ ബി. നിമ്മഗഡ്ഡ, കെ.ബി.എഫ്.സി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ശുശെന്‍ വശിഷ്ത് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഒപ്പം മുഖ്യമന്ത്രിക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം ജഴ്സി സമ്മാനിക്കുകയും വരാനിരിക്കുന്ന സീസണിലെ മത്സരങ്ങള്‍ കാണാന്‍ മുഖ്യമന്ത്രിയെ സ്റ്റേഡിയത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
 
നമ്മുടെ സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയും വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഥമ പരിഗണന നല്‍കുന്നതെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളത്തെ ചേര്‍ത്തുപിടിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞാണ് ടീം പ്രവര്‍ത്തിക്കുന്നതെന്നും കെ.ബി.എഫ്.സി ഡയറക്ടര്‍ നിഖില്‍ ബി.നിമ്മഗഡ്ഡ പറഞ്ഞു. 
 
കൊവിഡ്-19 കാലയളവില്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി 500,000 ഹൈഡ്രോക്ലോറോക്സിന്‍ സള്‍ഫേറ്റ് 200 എം.ജി ടാബ്ലറ്റുകളും 10,000 എന്‍95 മാസ്‌കുകളും സംസ്ഥാന സര്‍ക്കാരിലേക്ക് ക്ലബ് നല്‍കിയിരുന്നു. 2018ലെ പ്രളയ ദുരിതാശ്വാസത്തിനായി സി.എം.ഡി.ആര്‍.എഫിലേക്കുള്ള സംഭാവനയ്ക്കൊപ്പം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, പനമ്പിള്ളി നഗര്‍, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ ക്ലബിന്റെ നേതൃത്വത്തില്‍ റിലീഫ് മെറ്റീരിയല്‍ കലക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുകയും ബന്ധപ്പെട്ട ഏകോപന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ്: സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി