മുന്‍നിര നേതാക്കള്‍ മത്സരിക്കുന്നതില്‍ വിസമ്മതം അറിയിച്ച സാഹചര്യത്തില്‍ സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിൽ ആശയക്കുഴപ്പം തുടരുന്നു. വിജയസാധ്യത കൽപിക്കുന്ന വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കാന്‍ നേതാക്കാള്‍ തയ്യാറാകാത്തതാണ് പാര്‍ട്ടിയെ വലയ്‌ക്കുന്നത്.
ജയസാധ്യത കൂടുതലുള്ള വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന വികാരമാണുള്ളത്. സംസ്ഥാന കമ്മിറ്റിയിലെ ഒരുവിഭാഗവും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ഇക്കാര്യം മുന്നോട്ട് വെച്ചെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് കുമ്മനം.
ആര്‍എസ്എസ് നേതൃത്വം വഴി കുമ്മനത്തെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടിന് തോല്‍ക്കേണ്ടി വന്നതാണ് കുമ്മനത്തിന്റെ മനം മാറ്റത്തിന് കാരണം. ആര്‍എസ്എസ് നേതൃത്വത്തിനും ഇക്കാര്യം വ്യക്തമായി അറിയാം.
കഴിഞ്ഞ രണ്ടു തവണയും കെ. മുരളീധരനാണ് മണ്ഡലത്തിൽ വിജയിച്ചത്. വാശിയേറിയ ത്രികോണ മത്സരത്തിൽ കുമ്മനം രാജശേഖരനെ 7,622 വോട്ടിന് പരാജയപ്പെടുത്തിയാണ് കെ മുരളീധരൻ വട്ടിയൂർക്കാവിൽ രണ്ടാം തവണ വിജയം തേടുന്നത്. ഈ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടായാല്‍ പ്രതിഛായ തകരുമെന്ന ഭയവും കുമ്മനത്തിനുണ്ട്.
കുമ്മനം അല്ലെങ്കില്‍ സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിന്റെ പേരിനാണു മുൻതൂക്കം. എന്നാൽ ഈ നീക്കം സംസ്ഥാന നേതൃത്വത്തിലെ മുരളീധര പക്ഷത്തിന്റെ എതിര്‍പ്പിന് കാരണമാകും.
കോന്നിയിൽ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരെയാണു പരിഗണിക്കുന്നത്. സുരേന്ദ്രൻ സന്നദ്ധത അറിയിച്ചിട്ടില്ല. മഞ്ചേശ്വരത്തു ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വീകാര്യനായ പൊതുവ്യക്തിയെ കണ്ടെത്താനാണ് നീക്കം.